അഖില കേരള വായനോത്സവത്തിന് തിരിതെളിഞ്ഞു
1545501
Saturday, April 26, 2025 1:50 AM IST
കണ്ണൂർ: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകളുടെ സാന്ദ്രത ഏറ്റവും കൂടിയ നാടാണ് കേരളമെന്നും സംഘബോധത്തിന്റെയും അവകാശ ബോധത്തിന്റെയും സ്വാംശീകരണത്തില്‍ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സാംസ്കാരിക പ്രവർത്തനങ്ങളാണ് ഇന്നുകാണുന്ന കേരളത്തെ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഏറ്റെടുത്ത് നടത്തുന്ന വായനയുടെ സര്‍ഗാത്മക ആഘോഷമായ അഖില കേരള വയനോത്സവത്തിന് ആദ്യമായാണ് കണ്ണൂര്‍ വേദിയാകുന്നത്. കണ്ണൂര്‍ ഗവ. എൻജിനിയറിംഗ് കോളജില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സംസ്ഥാനതല വായന മത്സരം, എഴുത്തു പരീക്ഷ, ക്വിസ് മത്സരം, പറശിനിക്കടവ് ജലയാത്ര, ക്യാമ്പ് ഫയര്‍, സര്‍ഗ സംവാദം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തലത്തിലും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗ്രന്ഥശാലാ തലത്തിലും നടന്ന വായനോത്സവത്തില്‍ വിജയികളായ 56 പേരാണ് സംസ്ഥാനതല മത്സരത്തിനെത്തുന്നത്.
പരിപാടിയില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായിരുന്നു. സാഹിത്യകാരനായ സി.വി. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, സി. ഷുക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
സെൽഫി പോയിന്റ് ഉദ്ഘാടനം
കണ്ണൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിൽ സംഘടിപ്പിക്കുന്ന സംസ്ഥാന വായനാമത്സരത്തിന്റെ ഭാഗമായി സ്ഥാപിച്ച സെൽഫിപോയിന്റ് വിസ്മയ പാർക്ക് ചെയർമാൻ പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വി.കെ. മധു, മനയത്ത് ചന്ദ്രൻ, പി.വി.കെ. പനയാൽ, എം.കെ. രമേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി.കെ. വിജയൻ സ്വാഗതം പറഞ്ഞു. വിസ്മയാപാർക്കാണ് സെൽഫി പോയിന്റ് ഒരുക്കിയത്. ഇന്നലെ തുടങ്ങിയ വായനാമത്സരം നാളെ അവസാനിക്കും.