"കുടിവെള്ള വിതരണം പൊതുമേഖലയിൽ നിലനിർത്തണം'
1546151
Monday, April 28, 2025 2:01 AM IST
കണ്ണൂർ: കുടിവെള്ള വിതരണം പൊതുമേഖലയിൽ നിലനിർത്തണമെന്ന് കണ്ണൂർ ശിക്ഷക് സദനിൽ നടന്ന അസോസിയേഷൻ ഓഫ് കേരള വാട്ടർ അഥോറിറ്റി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എഡിബി ധനസഹായത്തോടുകൂടി നടപ്പാക്കുന്ന നവീകരണ പ്രവൃത്തികളിൽ സുതാര്യത ഉറപ്പാക്കുക, പരിഷ്കരണത്തിലൂടെ ശമ്പളം വെട്ടിക്കുറച്ച നടപടി പിൻവലിക്കുക. ശമ്പള പരിഷ്കരണ അനോമലി പരിഹരിച്ച് ഉത്തരവാകുക, ജൽ ജീവൻ മിഷൻ നടത്തിപ്പിലെ അപാകതകൾ പരിഹരിച്ച് പൂർത്തിയാക്കുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യകരമായ കുടിവെള്ളം ജനങ്ങളുടെ അവകാശമായി സംരക്ഷിക്കപ്പെടണമെന്നും ജലം ജനങ്ങളുടെ അവകാശമായി സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ പുലർത്തുന്നതെന്നും ജയരാജൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. തമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.എസ്. സന്തോഷ് കുമാർ റിപ്പോർട്ടും ട്രഷറർ എസ്. രഞ്ജീവ് വരവുചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: ഇ.എസ്. സന്തോഷ്കുമാർ-പ്രസിഡന്റ്, എസ്.തന്പി-ജനറൽ സെക്രട്ടറി, എസ്. രഞ്ജീവ് ട്രഷറർ.