ലഹരിക്കെതിരേ വോളിബോൾ: കടന്നപ്പള്ളി മിന്നി, കരുത്തായി ഇപിയും രാഷ്ട്രീയക്കാരോട് സുല്ലിട്ട് വ്യവസായികൾ
1546152
Monday, April 28, 2025 2:01 AM IST
കണ്ണൂർ: മിന്നും സർവുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ആവേശമായി മുൻ കായികമന്ത്രി ഇ.പി.ജയരാജനും കളിക്കളത്തിൽ നിറഞ്ഞപ്പോൾ വോളി കോർട്ടിൽ രാഷ്ട്രീയക്കാരുടെ ടീം വ്യവസായികളെ കീഴടക്കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നയിച്ച രാഷ്ട്രീയക്കാരുടെ ടീമും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ചേംബർ ടീമും തമ്മിലുള്ള പോരാട്ടം മേയ് 2, 3, 4 തീയതികളിൽ നടക്കുന്ന ആറാമത് സംസ്ഥാന ജേണലിസ്റ്റ് വോളിയുടെ വിളംബരമായി.
ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കോർട്ടിൽ "ബ്രേക്കിംഗ് -ഡി' എന്ന പേരിൽ വോളി നടത്തിയത്. എം. വിജിൻ എംഎൽഎ, മേയർ മുസ്ലിഹ് മഠത്തിൽ, യുവജനക്ഷേമ കമ്മീഷനംഗം വി.കെ. സനോജ്, രാഷ്ട്രീയ നേതാക്കളായ അബ്ദുൾ കരീം ചേലേരി, സി.പി. ഷൈജൻ, കെ. രഞ്ജിത്ത്, ബിജു ഏളക്കുഴി, രഞ്ജിത്ത് നാറാത്ത്, മുൻ ഇന്ത്യൻ താരം കിഷോർ കുമാർ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ കളത്തിലിറങ്ങി.
മുൻ മന്ത്രി പി.കെ. ശ്രീമതി ടീം മാനേജരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി അസി. കോച്ചുമായിരുന്നു. ചേംബറിന് വേണ്ടി ഓണററി സെക്രട്ടറി കെ. അനിൽകുമാർ, വിനോദ് നാരായണൻ, സച്ചിൻ സൂര്യകാന്ത് മഖേച്ച, ഹനീഷ് വാണിയങ്കണ്ടി, ഇർഷാദ് തുടങ്ങിയവരും കോർട്ടിൽ അണിനിരന്നു.
സർവീസിൽ തുടർച്ചയായി 12 പോയിന്റുകൾ നേടിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രദർശന മത്സരത്തിലെ താരമായി. 16 നെതിരേ 25 പോയിന്റുകൾ നേടിയായിരുന്നു രാഷ്ട്രീയക്കാരുടെ ടീമിന്റെ വിജയം.
മത്സരം മുൻ ഇന്ത്യൻതാരം ഇ.കെ. കിഷോർകുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ മെഡലുകൾ സമ്മാനിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
കണ്ണൂർ പ്രസ്ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സൂപ്പർ എഐ സിഇഒ അരുൺ പെരുളി, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.