എടൂർ വെമ്പുഴയിൽ സംരക്ഷണഭിത്തി നിർമിക്കും
1546057
Sunday, April 27, 2025 7:49 AM IST
എടൂർ: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായി എടൂർ സെമിത്തേരിക്കു സമീപം വെമ്പുഴ തീരത്തെ അപകടാവസ്ഥ ഒഴിവാക്കാൻ സംരക്ഷണ ഭിത്തി നിർമിക്കാൻ തീരുമാനം. പുഴയുടെ നീരൊഴുക്ക് മാറ്റുന്നതിനു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തി തുടങ്ങി. മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ച് 25.3 കിലോമീറ്റർ റോഡ് 83.17 കോടി രൂപ ചെലവിൽ വീതി കുട്ടിയുള്ള നവീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി വള്ളിത്തോട് മുതൽ എടൂർ വരെ ആദ്യഘട്ട ടാറിംഗ് നടത്തിയിരുന്നു.
നേരത്തേ ഉണ്ടായിരുന്നു ആറുമീറ്റർ വീതിയിലെ ടാറിംഗ് ഒന്പത് മീറ്ററായി ഉയർത്തിയതോടെ എടൂർ-കരിക്കോട്ടക്കരി റോഡ് തുടങ്ങുന്നിടത്ത് 20 അടിയോളം താഴ്ചയായിരുന്നു. വെമ്പുഴയുടെ തീരം വരെ ടാറിംഗ് വന്നതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത വർധിച്ചു.
പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ആറുമീറ്റർ ഉയരത്തിൽ 30 മീറ്റർ ദൂരത്തിലായി സംരക്ഷണ ഭിത്തി പണിയുന്നത്. ഇതിനായി 20 ലക്ഷത്തിലധികം രൂപ ചെലവ് വരും.
സംരക്ഷണ ഭിത്തി നിർമിച്ച ശേഷം ഉണ്ടാകുന്ന വെള്ളക്കെട്ട് അടക്കം ക്രമീകരിക്കുമെന്ന് കെആർ എഫ്ബി അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സജിത്ത് അറിയിച്ചു. മലയോര ഹൈവേയിൽ റോഡ് നവീകരണവും ടാറിംഗും മേയ് 30 നകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.