വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ
1545703
Saturday, April 26, 2025 10:14 PM IST
മട്ടന്നൂർ: വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
മട്ടന്നൂർ മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം. പുഷ്പാവതി അമ്മ (87) യാണ് മരിച്ചത്. വീടിനു മുന്നിലായി നിർമിച്ച കുളിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ഇന്നലെ രാവിലെയാണ് സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.
വയോധിക പുലർച്ചെ അഞ്ചിന് എഴുന്നേറ്റു കുളിക്കുന്നത് പതിവായിരുന്നുവെന്ന് പറയുന്നു. കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കിയിരുന്നത്. വെള്ളം ചൂടാക്കുമ്പോൾ തീ പിടിച്ചതാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
സംഭവമറിഞ്ഞ് മട്ടന്നൂർ എസ്എച്ച്ഒ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി, മായജ, ശ്രീജ, ഗിരിജ, ഗീത.
മരുമക്കൾ: പി.കെ. വാസു, ഹരീഷ്, മോഹനൻ, പ്രകാശൻ, കെ.പി. രമേശൻ (ആർജെഡി സംസ്ഥാന സമിതി അംഗം). പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം വീട്ടിലെത്തിച്ച് സംസ്കരിച്ചു.