നിർത്തിയിട്ട ലോറിയിൽനിന്ന് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
1546061
Sunday, April 27, 2025 7:55 AM IST
തലശേരി: ചോനാടത്ത് ബൈപ്പാസിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് പതിമൂന്നര ലക്ഷം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ലോറിയിലെ ക്ലീനർ വടക്കുന്പാട്ടെ ടി.കെ.ജറീഷ്, എം.സി. അഫ്നാസ് എന്നിവരെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വടകര ചോളംവയൽ സ്വദേശി പ്രജേഷ് രത്തൻഷിയുടെ നിർത്തിയിട്ട ലോറിയിൽ നിന്നായിരുന്നു പണം കവർന്നത്. കാബിനിന്റെ വലതുവശത്തെ ഗ്ലാസ് തകർത്ത് ബർത്തിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. മുംബൈയിൽ കൊപ്ര വിറ്റ് കിട്ടിയ പണവുമായി വടകരയിലേക്ക് തിരിച്ചുവരികയായിരുന്ന ലോറി ബൈപാസിൽ നിർത്തിയിട്ട സമയത്തായിരുന്നു കവർച്ച.
ഉടമയുടെ പരാതിയിൽ തലശേരി എസ്ഐ പി.വി. പ്രശോഭിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പണം സൂക്ഷിച്ച സ്ഥലം അറിയാവുന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോറിയിലെ ക്ലീനറുടെ സഹായത്തോടെയാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.