രണ്ടു വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
1545507
Saturday, April 26, 2025 1:50 AM IST
തലശേരി: കളിക്കുന്നതിനിടയിൽ രണ്ട് വയസുകാരിയുടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങി. അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് പാത്രം കുരുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അടുക്കളയിൽ പാത്രം കൊണ്ടു കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തലയിൽ അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ എല്ലാം ചേർന്ന് കലം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇതോടെയാണ് കരയുന്ന കുട്ടിയെയും കൊണ്ട് വീട്ടുകാർ തലശേരി ഫയർ സ്റ്റേഷനിൽ എത്തി. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയം പാത്രം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്. അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ. രജീഷ്, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ബി. ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവർത്തനം.