കാഞ്ഞിരോട്-പഴശി 33 കെവി ലൈൻ നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിൽ
1546054
Sunday, April 27, 2025 7:49 AM IST
മട്ടന്നൂർ: കാഞ്ഞിരോട്-പഴശി 33 കെവി ലൈനിന്റെ നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. കാഞ്ഞിരോട് മുതൽ പെരിഞ്ചേരി വരെയുള്ള മുക്കാൽ ഭാഗത്തെ പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. പഴശി സബ് സ്റ്റേഷനിൽ നിന്ന് മട്ടന്നൂരിലേക്ക് ഒരു 33 കെവി ലൈൻ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ലൈനിൽ തകരാർ സംഭവിച്ചാലും അറ്റകുറ്റപ്പണി നടത്തുമ്പോഴും പ്രദേശവാസികൾ ബുദ്ധിമുട്ടിലാകും. മഴക്കാലത്ത് തകരാർ സംഭവിക്കുന്നത് പതിവായിരുന്നു. കാഞ്ഞിരോട്-പഴശി ലൈൻ നവീകരണം പൂർത്തിയാകുന്നതോടെ പ്രശ്നത്തിൽ പരിഹാരമാകും.
ആർഡിഡിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ ചെലവഴിച്ചാണ് ലൈനിന്റെ നവീകരണം നടത്തുന്നത്. പുതുതായി സ്ഥാപിക്കുന്ന ഐടി, സയൻസ് പാർക്കിലേക്കുള്ള വൈദ്യുതി വിതരണവും ഇതുവഴിയായിരിക്കും. കെഎസ്ഇബി അസി. എക്സിക്യുട്ടീവ് എൻജിനിയർ ബിജു മോഹൻ, അസി. എൻജിനിയർ വിനോദ്കുമാർ എന്നിവരാണ് പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്നത്.
വൈദ്യുത വിതരണം അപകട രഹിതമാക്കുന്നതിന് ഇൻസുലേറ്റഡ് കേബിളുകളും 14 മീറ്റർ എ പോളുകളും ലാറ്റിസ് പോളുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടുതൽ ഉയർത്തി ലൈൻ സ്ഥാപിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായകമാണ്.
മേയ് മാസത്തിനകം ലൈനിന്റെ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ഇബി കാഞ്ഞിരോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ബാബു പ്രജിത്ത് അറിയിച്ചു.