പുഴ ശുചീകരണ യജ്ഞം സമാപിച്ചു
1546150
Monday, April 28, 2025 2:01 AM IST
പയ്യന്നൂർ: ഒരു മാസമായി ചാൾസൺ സ്വിമ്മിംഗ് അക്കാദമി വിവിധ പുഴകളിൽ നടത്തിവന്ന പുഴ ശുചീകരണ യജ്ഞം സമാപിച്ചു. പുഴകളെ വീർപ്പുമുട്ടിച്ച് വർഷങ്ങളായി അടിഞ്ഞുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി പുഴകളെ സ്വതന്ത്രമാക്കിയാണ് ശുചീകരണ യജ്ഞം സമാപിച്ചത്. സ്വാതന്ത്ര്യ സ്മരണകളിരമ്പുന്ന ഉളിയത്ത് കടവിൽ നടന്ന സമാപന പരിപാടി ടി.ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ശുചീകരണ പരിപാടിക്ക് നേതൃത്വം നല്കിയ ഡോ. ചാൾസൺ ഏഴിമലയെയും 30 വോളന്റിയർമാരെയും എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. അക്കാദമി സെക്രട്ടറി ജാക്സൺ ഏഴിമല, ഉപ്പള ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ്, തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ കെ.വി. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. മാലിന്യവിരുദ്ധ പ്രതിജ്ഞയോടെയാണ് ചടങ്ങ് അവസാനിച്ചത്. ഫയർ ഓഫീസർമാരായ സി.പി. ഗോകുൽദാസ്, കൂത്തുപറമ്പ് സ്റ്റേഷൻ ഓഫീസർ മനോജ്, മണ്ടൂർ ശങ്കരവിലാസം യുപി സ്കൂൾ മാനേജർ കേശവൻ നമ്പൂതിരി, മാധ്യമപ്രവർത്തകൻ റഫീഖ് കമാൽ, ദേശീയ കയാക്കിംഗ താരം സ്വാലിഹ റഫീഖ്, വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷാജോൺ സുമേഷ് തുടങ്ങിയവരും മത്സ്യത്തൊഴിലാളികളും തായിനേരി എസ്എബിടിഎം സ്കൂളിലെ എൻഎസ്എസ് പ്രോഗ്രം കോ-ഓർഡിനേറ്റർ സമീറിന്റെ നേതൃത്വത്തിലുള്ള വൊളന്റിയാർമാരുൾപ്പടെ 56 പേർ സമാപന ശുചീകരണത്തിൽ പങ്കെടുത്തു.
എട്ട് കയാക്കിംഗ് തോണികളിലും മൂന്ന് നാടൻ വള്ളങ്ങളിലുമായാണ് സമാപന ദിവസത്തെ ശുചീകരണം നടത്തിയത്. കവ്വായി പാലത്തിന് സമീപം നിന്നാരംഭിച്ച ശുചീകരണം പയ്യന്നൂർ നഗരസഭാ കൗൺസിലർ സമീറ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. വലിയ ഇരുപത് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമാപന ശുചീകരണത്തിൽ ശേഖരിച്ചത്.