പയ്യാന്പലത്തെ വിറക് ക്ഷാമം: കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം മേയറെ വളഞ്ഞു
1545194
Friday, April 25, 2025 1:53 AM IST
കണ്ണൂര്‍: പയ്യാന്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ വിറകില്ലാതായ സംഭവത്തിൽ കോർപറേഷന് യോഗത്തിൽ ബഹളം. മൃതദേഹങ്ങളോട് കോർപറേഷൻ അനാദരവ് കാട്ടുകയാണെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ യോഗത്തിനിടെ പ്ലക്കാർഡുകളുമായി മേയറെ വളഞ്ഞ് മുദ്രാവാക്യം മുഴക്കി. ഫ്രാന്‍സിസ് മാർപാപ്പയുടെ വിയോഗത്തിലും കശ്മീരിലെ പഹല്‍ഗ്രാം ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും അനുശോചനം രേഖപ്പെടുത്തിയാണ് കൗണ്‍സില്‍ യോഗ നടപടികള്‍ ആരംഭിച്ചത്. ഇതിനു ശേഷം അജണ്ടയിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പയ്യാന്പലം വിഷയം ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് അംഗം ടി. രവീന്ദ്രൻ ആവശ്യപ്പെട്ടു.
ഇതിനിടെ ബിജെപി കൗൺസിലറായ വി.കെ.ഷൈജു പ്ലക്കാർഡുമായി കൗൺസിൽ ഹാളിന്റെ മധ്യത്തിൽ ഇരുന്ന് പ്രതിഷേധമാരംഭിച്ചിരുന്നു. അജണ്ടകൾ പൂർത്തിയാക്കിയ ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് മേയർ മുസ്ലിഹ് പറഞ്ഞെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. തുടർന്ന് മേയറുടെ ഡയസിനു ചുറ്റും നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. മേയർക്ക് സംരക്ഷണം തീർത്ത് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ മേയർ അജണ്ടകൾ വായിച്ചു തീർത്ത് നടപടികൾ പൂർത്തിയായതായി പ്രഖ്യാപിച്ചു. പ്രതിപക്ഷാഗംങ്ങൾ കൗൺസിൽ ഹാളിന് പുറത്തേക്ക് നീങ്ങിയും മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷ പ്രതിഷേധം
പ്രഹസനം: മേയർ
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ നിസാര വിഷയങ്ങൾ പോലും പെരുപ്പിച്ച് കാട്ടി പ്രതിപക്ഷം പ്രഹസനം കളിക്കുകയാണെന്ന് മേയർ മുസ്ലിഹ് മഠത്തിൽ. അനാവശ്യ പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷം കോർപറേഷന്റെ വികസന പദ്ധതികൾക്ക് തടസം നിൽക്കുകയാണ്. ഇതിന് മുമ്പും ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടും പയ്യാമ്പലം ശ്മശാനവും ഉയർത്തി കൗൺസിൽ യോഗങ്ങളിൽ പ്രതിപക്ഷം തടസം സൃഷ്ടിച്ചിരുന്നു.
മൃതദേഹ സംസ്കാരത്തിൽ പോലും രാഷ്ട്രീയം കലർത്തി നേട്ടം കൊയ്യാൻ പറ്റുമോ എന്ന ശ്രമത്തിലാണ് സിപിഎമ്മും ബിജെപിയും. ഇവർ പ്രചരിപ്പിക്കുന്നതു പോലെയുള്ള ഒരു സാഹചര്യവും പയ്യാന്പലത്ത് ഉണ്ടായിട്ടില്ല. പ്രസ്തുത ദിവസം തന്നെ ആവശ്യമായ വിറക് ശ്മശാനത്തില്‍ ഇറക്കിയിട്ടുണ്ട്. കൂടാതെ ഡിപ്പാര്‍ട്ട്മെന്റലായി തന്നെ 15 ടണ്ണോളം വിറക് ഇറക്കി സ്റ്റോക്ക് ചെയ്തിട്ടുമുണ്ടെന്നും മേയർ പറഞ്ഞു.