പാലത്തുംകടവിൽ കാട്ടാന കൃഷി നശിപ്പിച്ചു
1546056
Sunday, April 27, 2025 7:49 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ തൂക്ക് വേലിയുടെ നിർമാണത്തിനിടെ കൃഷിയിടത്തിൽ എത്തി കാട്ടാനയുടെ പരാക്രമം. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേത്തതിൽ നിന്നും ബാരാപോൾ പുഴ കടന്ന് എത്തിയ ആറ് ആനകളാണ് പാലത്തുംകടവ് മീൻകുണ്ട് മേഖലയിൽ കാർഷിക വിളകൾ നശിപ്പിച്ചത്. 20 തെങ്ങുകളും നിരവധി വാഴയും കശുമാവും ആനക്കൂട്ടം പിഴുതെറിഞ്ഞു.
പ്രദേശത്തെ ഷിജി കോട്ടായി, രാജേഷ് ഇലവുങ്കൽ, ജിൽസൺ പുതുപ്പറമ്പിൽ, തമ്പി പോളക്കൽ എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്.
പുലർച്ചെയോടെ ആനക്കൂട്ടം കർണാടക വനത്തിലേക്ക് തിരിച്ചു കയറി. കാട്ടാനകളെ പ്രതിരോധിക്കാൻ വളവുപാറ മുതൽ പാലത്തുംകടവ് വരെ പുഴയോരങ്ങളിൽ സോളാർ തൂക്കുവേലി നിർമിച്ചിരുന്നു.
പകരം ബാരാപോൾ പാലത്തും കടവ് മേഖലകളിലാണ് ഇപ്പോൾ ആന ശല്യം കൂടിയിരിക്കുന്നത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ആനകളെ പ്രതിരോധിക്കാൻ എട്ടു കിലോമീറ്ററോളം സോളർ വേലിയുടെ നിർമാണം അവസാനഘട്ടത്തിലാണ്.
കർണാടക വനത്തിൽ നിന്നുള്ള ആനകളെ പ്രതിരോധിക്കാൻ ബാരാപോൾ മുതൽ പാലത്തുംകടവ് വരെയുള്ള ഒന്നര കിലോമീറ്റൽ വേലിയുടെ നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് പഞ്ചായത്തംഗം ബിജോയി പ്ലാത്തോട്ടം പറഞ്ഞു.