വിശ്വാസ പ്രഘോഷണമായി സാന്തോം തീർഥാടനം
1546146
Monday, April 28, 2025 2:01 AM IST
കൊളക്കാട്: പുതുഞായറാഴ്ച കൊളക്കാട് കുരിശുമലയിലേക്ക് തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ സാന്തോം തീർഥാടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പേരാവൂർ ഫൊറോനയിലെ വിവിധ പള്ളികളിൽനിന്ന് ആരംഭിച്ച കുരിശുമല പ്രയാണം കൊളക്കാട് കുരിശുമലയിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ സമാപിച്ചു.
പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ നിന്ന് പുലർച്ചെ ഒന്നിനാണ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ കൊളക്കാട്ടേക്ക് തീർഥാടനം ആരംഭിച്ചത്. അതേസമയം കണിച്ചാർ പ്രദേശത്തെ വിവിധ പള്ളികളിലെ വിശ്വാസികൾ കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ സമ്മേളിച്ച് ദിവ്യകാരുണ്യ ആരാധനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം കൊളക്കാട്ടേക്ക് തീർഥാടനം തുടങ്ങി. പുലർച്ചെ 2.45ന് കൊളക്കാട് സെന്റ് തോമസ് പള്ളിയിൽ എത്തിയ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിലുള്ള തീർഥാടക സംഘത്തെ ഇടവക വികാരി ഫാ.തോമസ് പട്ടാംകുളത്തിന്റെ നേതൃത്വത്തിൽ ഇടവകാജനം സ്വീകരിച്ചു.
തുടർന്ന് മൂന്നോടെ തീർഥാടകസംഘം മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ കുരിശുമലയിലേക്ക് തീർഥാടനം ആരംഭിച്ചു.
4.30ന് കുരിശുമലയിൽ എത്തിയതിനു ശേഷം ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് വിവിധ ഇടവകകളിൽ നിന്ന് കുരിശുമല തീർഥാടനത്തിനായി എത്തിയത്. കുരിശുമല തീർഥാടനത്തിനു ശേഷം എല്ലാവർഷവും നടക്കാറുള്ള കുരിശുമല കയറ്റവും ഉണ്ടായിരുന്നു.
തലശരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, വൈസ് ചാൻസിലർ ഫാ.സുബിൻ റാത്തപ്പള്ളി, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, മാതൃവേദി ഡയറക്ടർ ഫാ. ജോബി കോവാട്ട്, ചെറുപുഷ്പ മിഷൻലീഗ് ഡയറക്ടർ ഫാ. ജോസഫ് വടക്കേപറമ്പിൽ, ജുഡീഷ്യൽ വികാരി റവ.ഡോ. ജോസ് വെട്ടിക്കൽ, പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി, റവ. ഡോ.തോമസ് കൊച്ചുകരോട്ട്, ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ഫാ. സെബാൻ ഇടയാടി തുടങ്ങിയവർ തീർഥാടനത്തിനും കുരിശുമലയിലെ വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നല്കി.
തുടർന്ന് കുരിശുമലയിൽ നടന്ന വിശുദ്ധ കുർബാനകൾക്ക് ഫാ. ആന്റണി അമ്പാട്ട്, ഫാ. ജോസഫ് തകിടിയേൽ, ഫാ. ജോബി കാരക്കാട്ട്, ഫാ. ജോസഫ് കാക്കരമറ്റം, ഫാ. മാത്യു വടക്കേപ്പാറ ഒസിഡി, ഫാ.മാത്യു പാലമറ്റം തുടങ്ങിയവർ കാർമികത്വം വഹിച്ചു. രാവിലെ ഒന്പതിന് ക്രൂശിതനോടൊപ്പം കുരിശുമലയിലേക്ക് കുരിശിന്റെ വഴിയും ഉണ്ടായിരുന്നു.