ചോദ്യപേപ്പർ ലഭിക്കാത്ത സംഭവം:യൂണിവേഴ്സിറ്റി കവാടത്തിൽ വാഴനട്ട് കെഎസ്യു പ്രതിഷേധം
1546064
Sunday, April 27, 2025 7:55 AM IST
കണ്ണൂർ: നാലു വർഷ ബിരുദ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പർ ഇല്ലാത്തതിനെ തുടർന്ന് മാറ്റിവച്ച സംഭവത്തിൽ കെഎസ്യു കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ വാഴനട്ട് പ്രതിഷേധിച്ചു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുലിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ കെഎസ്യു പ്രവർത്തകരെ പോലീസ് ഗേറ്റിൽ തടഞ്ഞു. തുടർന്ന് സമരം ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉദ്ഘാടനം ചെയ്യുകയും പ്രവർത്തകർ വാഴനട്ട് പ്രതിഷേധിക്കുകയുമായിരുന്നു.
സമരത്തിന് ശേഷം പരീക്ഷാ കൺട്രോളറുടെ ചുമതലയുള്ള രജിസ്ട്രാറെ കാണണമെന്നും അകത്തേക്ക് കടത്തിവിടണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുമതി നൽകിയില്ല. ഇതേ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.
സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പരീക്ഷ നടത്താൻ പോലും കഴിയാത്ത കണ്ണൂർ യൂണിവേഴ്സിറ്റി പൊതുസമൂഹത്തിന് അപമാനമാണെന്നും വേനൽക്കാലത്ത് വിദ്യാർഥികളെ വീണ്ടും പരീക്ഷകളിലേക്ക് തള്ളിവിടുന്നത് വിദ്യാർഥി ദ്രോഹമാണെന്നും എം.സി. അതുൽ പറഞ്ഞു.
പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ മുഴുവൻ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും കെഎസ്യു ആവശ്യപ്പെട്ടു. കെഎസ്യു സംസ്ഥാന സമിതി അംഗം ആദർശ് മാങ്ങാട്ടിടം, ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, അക്ഷയ് മാട്ടൂൽ, സി.എച്ച്. മുബാസ്, അർജുൻ ചാലാട്, എ.എം. സൂര്യതേജ് , അഹമ്മദ് യാസീൻ, മുഹമ്മദ് സലീം, ഗോകുൽ രാജ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.