പയ്യാവൂർ സൂപ്പർ മാർക്കറ്റിലെ കവർച്ച; രണ്ടാഴ്ചയായിട്ടും തുന്പില്ലാതെ പോലീസ്
1546161
Monday, April 28, 2025 2:01 AM IST
പയ്യാവൂർ: ടൗണിന്റെ ഹൃദയഭാഗത്തെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്ന് രണ്ടാഴ്ചയായിട്ടും തുന്പില്ലാ തെ പോലീസ്. ചെമ്പേരി റോഡിൽ വ്യാപാരഭവന് സമീപത്തെ പി മാർട്ട് സൂപ്പർ മാർക്കറ്റിലാണ് കഴിഞ്ഞ 17ന് പുലർച്ചെ കവർച്ച നടന്നത്.
പൂട്ട് തകർത്ത് ഷട്ടർ ഉയർത്തി അകത്തു കടന്ന മോഷ്ടാവ് താഴെയും മുകളിലുമുള്ള കാഷ് കൗണ്ടറുകളിൽ സൂക്ഷിച്ച നാലു ലക്ഷത്തോളം രൂപയാണ് കവർന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
പയ്യാവൂർ പോലീസ് കവർച്ച നടന്ന ദിവസം മുതൽ നിരവധി സിസിടിവി കാമറകൾ പരിശോധിച്ചുവെങ്കിലും ഇതുവരെ തുമ്പൊന്നും ആയിട്ടില്ലെന്നാണ് പറയുന്നത്. ടൗണിന് പുറത്തുള്ള കാമറകളും പോലീസ് പരിശോധിച്ചു വരികയാണ്. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.
തളിപ്പറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപൊയിൽ, പയ്യാവൂർ എസ്എച്ച്ഒ ടിങ്കിൾശശി, പയ്യാവൂർ എസ്ഐ രാജു എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ടകശേരിയിലും രണ്ട് സ്ഥാപനങ്ങളിൽ കവർച്ചാ ശ്രമം ഉണ്ടായിരുന്നു.
വ്യാപാരികൾക്ക് നിർഭയമായി കച്ചവടം ചെയ്യാനുള്ള സാഹചര്യം പഞ്ചായത്തും പോലീസും ഒരുക്കി തരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ ആവശ്യപ്പെട്ടു.