മലപ്പട്ടം വനിതാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നാടിന് സമർപ്പിച്ചു
1544592
Wednesday, April 23, 2025 1:55 AM IST
കണ്ണൂർ: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മലപ്പട്ടത്ത് ആരംഭിച്ച വനിതാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി യോജിപ്പുണ്ടാവണമെന്നും കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവില്‍ 31 ശതമാനവും വനിതാ സംരംഭങ്ങളാണ്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പൈതല്‍ മലയില്‍ ഒരേക്കര്‍ ഭൂമിയില്‍ നടപ്പിലാക്കാന്‍ പോകുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം വികസന പദ്ധതിയുടെ ഡിപിആര്‍ മന്ത്രി പ്രകാശനം ചെയ്തു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക്പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയര്‍ ആര്. മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 60 സെന്റ് ഭൂമിയില്‍ 92.80 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണമുള്ള ഒരുനില കെട്ടിടത്തിന്റെ നിര്‍മാണ ചെലവ് 26 ലക്ഷം രൂപയാണ്. കെട്ടിടം വനിതാ സംരംഭകര്‍ക്ക് വാടകയ്ക്ക് നല്‍കും.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് ജോസഫ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. രേഷ്മ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. മുനീര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. രാജേശ്വരി, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി, മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ചന്ദ്രൻ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ ടി.വി. ശ്രീകാന്ത്, രാഷ്ട്രീയ പ്രതിനിധികളായ എം.സി. രാഘവന്, എം.പി. രാധാകൃഷ്ണന്, പി.പി. ഉണ്ണിക്കൃഷ്ണന്, എം.പി. സാജന് തുടങ്ങിയവര്‍ പങ്കെടുത്തു.