സ്വർണം വാങ്ങി പണം ഗൂഗിൾ പേ ചെയ്തെന്ന് പറഞ്ഞ് കബളിപ്പിച്ച യുവാവ് അറസ്റ്റിൽ
1544584
Wednesday, April 23, 2025 1:55 AM IST
കണ്ണൂർ: ജ്വല്ലറിയിലെത്തി സ്വർണം വാങ്ങി പണം ഗൂഗിൾ പേ ചെയ്തെന്ന് പറഞ്ഞ് സ്ക്രീൻ ഷോട്ട് കാണിച്ച് കടയുടമയെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. അരോളി സ്വദേശി ഇ.ജി. അഭിഷകിനെയാണ്(24) പിണറായിൽ വച്ച് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം.
ചാലയിലെ ബാലൻ ജ്വല്ലറിയിൽ എത്തി 15 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയായിരുന്നു. കൈയിൽ കുറച്ച് പണമേയുള്ളുവെന്നും ബാക്കി പണം എടിഎമ്മിൽനിന്ന് എടുത്തു തരാമെന്നും പറഞ്ഞു. തുടർന്ന് എടിഎമ്മിൽ എത്തിയെങ്കിലും ബാങ്ക് അവധിയായതിനാൽ പണം കിട്ടിയില്ല. ഇതോടെ പണം ഗൂഗിൾപേ ചെയ്തു തരാമെന്ന് കടയുടമയോട് പറഞ്ഞു.തുടർന്ന് നേരത്തെ തയാറാക്കിയ 1, 30,000 രൂപ ഗൂഗിൾപേ ചെയ്തുവെന്നതിന്റെ സ്ക്രീൻ ഷോട്ട് കാണിക്കുകയും ചെയ്തു.
പണം അക്കൗണ്ടിൽ വന്നെന്ന വിശ്വാസത്തിൽ കടയുടമ സ്വർണാഭരണങ്ങൾ പ്രതിക്ക് നല്കി. എന്നാൽ, കുറച്ചുകഴിഞ്ഞ് അക്കൗണ്ട് ബാലൻസ് നോക്കിയപ്പോഴാണ് പണം ലഭിച്ചിട്ടില്ലെന്ന് കടയുടമയ്ക്ക് മനസിലായത്. ബിൽ അടിക്കാൻ തന്ന ഫോൺ നമ്പറിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന്എടക്കാട് പോലീസിൽ പരാതി നല്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതി സമാനമായ രീതിയിൽ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബാങ്ക് അവധി ദിവസങ്ങളിലാണ് പ്രധാനമായും തട്ടിപ്പ് നടത്തുന്നത്. എടക്കാട് എസ്ഐമാരായ എൻ. ഡിജേഷ്, ഷാജി, സിപിഒ ലെവൻ,രസന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.