കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അഴിമതിക്കെതിരേ സമഗ്രാന്വേഷണം വേണം: കേരള എൻജിഒഎ
1544581
Wednesday, April 23, 2025 1:55 AM IST
കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസന സമിതി ഫണ്ട് പരിശോധനയിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായി വന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2022- 23 വാർഷിക കാലയളവിലെ ഓഡിറ്റ് റിപ്പോർട്ടിലെ അപാകതകളാണ് പുറത്തുവന്നിട്ടുള്ളത്, തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ പോലും വികസന സമിതിക്ക് ഇതുവരേയും സമർപ്പിക്കുവാൻ സാധിച്ചിട്ടില്ല.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മുഖാന്തിരം വികസന സമിതിയിലേക്ക് വന്ന ഫണ്ടുകൾ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഏറെ ആശങ്ക ഉണർത്തുന്നതാണ്. പരിയാരം മെഡിക്കൽ കോളജിനെ സർക്കാർ ഏറ്റെടുത്തിട്ട് പോലും ഇത്രയധികം അപാകതകൾ സംഭവിക്കുന്നു എന്നുള്ളത് ദുരൂഹതകൾ ഉയർത്തുന്നതാണ്, തീർച്ചയായും ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.