വിലയിടിവ്; കണ്ണൂരിൽ കോഴിക്കർഷകർക്ക് നിരാശ
1544362
Tuesday, April 22, 2025 2:06 AM IST
കേളകം: ഈസ്റ്റർ വിപണി ലക്ഷ്യമിട്ട കോഴിക്കർഷകർക്ക് നിരാശ. കോഴി വില ഇടിഞ്ഞ് 72 രൂപയിൽ എത്തി. വിഷുവിന് 96 രൂപ മൊത്തം വിലയുണ്ടായിരുന്ന കോഴിക്കാണ് ഇപ്പോൾ വിലയിടിഞ്ഞത്.
കോഴിവില കുറഞ്ഞതോടെ കോഴിഫാം നടത്തുന്നവർക്ക് നഷ്ടത്തിന്റെ കണക്കാണ്. കിലോഗ്രാമിന് 72 രൂപയ്ക്കാണ് ഇന്നലെ ജില്ലയിലെ ഫാമുകളിൽ മൊത്ത വിതരണക്കാർ വാങ്ങിയത്. 48 രൂപയ്ക്ക് വാ ങ്ങിയ കുഞ്ഞുങ്ങളെയാണ് 45 ദിവസത്തെ തീറ്റയും മരുന്നും പരിചരണവുമെല്ലാം നല്കി വിൽക്കുന്നത്. ഈ വർഷത്തെ ഏറ്റവും വിലക്കുറവാണിത്. അതേ സമയം വ്യാപാര സ്ഥാപനങ്ങളിൽ ആനുപാതികമായ കുറവില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴിക്ക് 110 രൂപ മുതൽ130 രൂപ വരെയും ഇറച്ചിക്ക് 190 മുതൽ 210 രൂപ വരെയും വില ഈടാക്കുന്നുണ്ട്. ഫാമുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലക്കുറവിന് കാരണം ജില്ലയിലെയും തമിഴ്നാട്ടിലെയും ഫാമുകൾ തമ്മിലുള്ള കിടമത്സരമാണ്.
ജില്ലയിലെ ഫാമുകളിലേക്ക് വലിയ തോതിൽ കോഴിക്കുഞ്ഞുങ്ങളെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അവധിക്കാല സീസൺ സ്വപ്നം കണ്ട ജില്ലയിലെ ഫാമുകളിലെല്ലാം വളർച്ചയെത്തിയ കോഴികളെ വലിയ തോതിൽ സംഭരിച്ചിട്ടുള്ള സമയമാണിത്.
അതേസമയം, കേരളത്തിലെ ഫാമുകൾക്കെതിരെയുള്ള തമിഴ്നാട് ലോബിയുടെ നീക്കത്തിന്റെ ഭാഗമാണ് വില കുറയ്ക്കലെന്ന് കോഴിഫാം നടത്തിപ്പുകാർ പറയുന്നു. കോഴി വില നിർണയത്തിൽ വലിയ പങ്കു വഹിക്കുന്നത് തമിഴ്നാട് ബ്രോയിലർ കോ-ഓർഡിനേഷൻ കമ്മിറ്റി (ബിസിസി) ആണ്. കോഴിഫാമുകളെ ഇല്ലാതാക്കി കുത്തക സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് കേരളത്തിലെ കർഷകരുടെ ആരോപണം.
കോഴികളെ നിശ്ചിത സമയപരിധി വരെ മാത്രമേ ഫാമുകളിൽ നിർത്താനാകു. അതുകൊണ്ടു തന്നെ വില കുറഞ്ഞാലും കൂടിയാലും വിറ്റൊഴിക്കുകയേ കർഷകർക്ക് മുന്നിൽ മാർഗമുള്ളൂ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റ ഇനത്തിൽ വീണ്ടും വലിയ നഷ്ടം വരുത്തും. തീറ്റയും പരിചരണവുമേകി വില്ക്കുമ്പോൾ ഇന്നലത്തെ വിലപ്രകാരം ചെലവു തുകയുടെ പകുതി പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ്. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണ ചെലവ് എന്നിവ പ്രകാരം ഒരു കിലോ കോഴിക്ക് 98 രൂപ വരെ ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്.
ഫാമുകളിൽ വലിയ വില കുറവുണ്ടെങ്കിലും ആനുപാതികമായ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ഫാം ഉടമകൾ പറയുന്നത്. കഴിഞ്ഞവർഷം ഇതേസമയത്ത് ഒരുകിലോ കോഴിക്ക് ഫാമുകളിൽ 148 രൂപ വിലയുണ്ടായിരുന്നു.