സോളാർ വേലി തകർത്ത സംഭവം; വനംവകുപ്പും പഞ്ചായത്ത് പ്രസിഡന്റും സ്ഥലം സന്ദർശിച്ചു
1544072
Monday, April 21, 2025 1:25 AM IST
ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിരിടുന്ന പ്രദേശത്ത് വന്യമൃഗങ്ങൾ കടയ്ക്കാതിരിക്കാൻ സ്ഥാപിച്ച അഞ്ചര കിലോമീറ്റർ താത്കാലിക സോളാർ വേലി തകർത്ത സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും സന്ദർശിച്ചു. വേലി വ്യാപകമായി നശിപ്പിച്ച വാർത്ത കഴിഞ്ഞദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരുമാസം മുമ്പ് മാത്രം നിർമിച്ച സോളാർ വേലി ഇരട്ട ലൈൻ ഫെൻസിംഗ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നശിപ്പിച്ചത് വാർത്തയായതോടെ ഡിഎഫ്ഒ റേഞ്ച് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വാർഡൻ റേഞ്ച് ഓഫീസർ രമ്യ രാഘവൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, പഞ്ചായത്ത് അംഗം മിനി ദിനേശൻ, ആർആർടി ഉദ്യോഗസ്ഥർ, കരാറുകാരൻ, അനെർട്ട് ജീവനക്കാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
മണ്ണിനടിയിലായ പഴയ സോളാർ വേലിയുടെ ഭാഗങ്ങൾ മുഴുവൻ പുറത്തെടുത്ത് വനം വകുപ്പിനെ ഏല്പിക്കുമെന്നും പുതുതായി നിർമിക്കാൻ ഉദേശിക്കുന്ന ഇരട്ട ലൈൻ ഫെൻസിംഗ് ഒരാഴ്ചയ്ക്കുള്ളിൽ നിർമാണ പൂർത്തിയാക്കി സ്ഥാപിക്കുമെന്നും കരാറുകാരൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് ഉറപ്പു നല്കി.