പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച പാപ്പ: മാർ ജോസഫ് പാംപ്ലാനി
1544352
Tuesday, April 22, 2025 2:06 AM IST
തലശേരി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാ സഭയ്ക്കും ഈ കാലഘട്ടത്തിനും തീരാനഷ്ടമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു. ലാറ്റിൻ അമേരിക്കൻ പശ്ചാത്തലത്തിൽനിന്നു വന്ന അദ്ദേഹം പാവങ്ങളുടെ പക്ഷത്ത് സഭ നിലയുറപ്പിക്കണം എന്ന നിർബന്ധ ബുദ്ധിയുള്ള വ്യക്തിയായിരുന്നു. തികച്ചും ലളിതമായ ജീവിതശൈലി സ്വന്തമാക്കിയ മാർപാപ്പ പാവങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിച്ചു.
ലോകമെങ്ങുമുള്ള അഭയാർഥികളുടെ ആശാകേന്ദ്രമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സഭ പാവങ്ങളുടെ സഭയാകണമെന്ന് മാർപാപ്പ ചിന്തിച്ചിരുന്നു. സഭയുടെ ഭരണക്രമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ പാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. സിനഡാലിറ്റി എന്ന ആശയം മാർപാപ്പ ഉയർത്തിപ്പിടിച്ചു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഏകപക്ഷീയമായിട്ടല്ല തീരുമാനങ്ങൾ എടുക്കേണ്ടതെന്നും മറിച്ച് കൂട്ടായ്മയുടെയും പരസ്പരം മനസിലാക്കുന്നതിന്റെയും അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങൾ എന്നുമുള്ള നിർബന്ധ ബുദ്ധി ഉണ്ടായിരുന്നു.
മറ്റുള്ളവരെ ശ്രദ്ധയോടെ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. ഇതര മതസ്ഥരുമായി സൗഹൃദത്തിൽ കഴിയേണ്ടവരാണ് ക്രൈസ്തവരെന്ന് ശഠിച്ചു. അബുദാബിയിലെ ഗ്രാൻഡ് ഇമാമുമായി നടത്തിയ ചരിത്രപ്രസിദ്ധമായ സംഗമം ലോകചരിത്രത്തിൽ തന്നെ ഇടം പിടിക്കുന്നതാണ്. മതങ്ങൾ സ്നേഹത്തിലും സൗഹാർദത്തിലും കഴിയുമ്പോൾ മാത്രമേ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുകയുള്ളൂവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിന്റെ അപ്പോസ്തലൻ ആയിരുന്നു.
വ്യക്തിപരമായി പലതവണ കണ്ടുമുട്ടാനും സംസാരിക്കാനും കഴിഞ്ഞതിന്റെ ഓർമകൾ മനസിലുണ്ട്. തലശേരി അതിരൂപതയോട് പൈതൃകമായ വാത്സല്യം ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. ചെമ്പേരി ലൂർദ് മാതാ പള്ളിയെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തിയത് ഫ്രാൻസിസ് മാർപാപ്പയായിരുന്നുവെന്നും മാർ പാംപ്ലാനി അനുസ്മരിച്ചു.