ട്രെയിക്സിന്റെ പുതിയ ശാഖ ഇന്ന് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്യും
1544357
Tuesday, April 22, 2025 2:06 AM IST
ഇരിട്ടി: തലശേരി അതിരൂപതയുടെ കീഴിലുള്ള എഡ്യുക്കേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ(ട്രെയിക്സ്) മൂന്നാമത്തെ ശാഖ ഇരിട്ടി-തന്തോട് റോഡിലുള്ള "സാന്‍ജോസ് റിവര്‍വ്യൂ ഹൈറ്റ്സില്‍ ' ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. ഇതിന്റെ ആശീർവാദ കർമവും ഉദ്ഘാടനവും ഉച്ചകഴിഞ്ഞ് 2.30 തിന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. ട്രെയിക്സ് പ്രസിഡന്റും തലശേരി അതിരൂപത കോർപറേറ്റ് മാനേജരുമായ ഫാ. മാത്യു ശാസ്താംപടവില്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സണ്ണി ജോസഫ് എംഎൽഎ ആദ്യ നിക്ഷേപം സ്വീകരിക്കും. സ്ട്രോംഗ് റൂം ആൻഡ് ലോക്കറിന്റെ താക്കോൽ കൈമാറൽ ഉദ്ഘാടനം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി.രാമകൃഷ്ണനും കംപ്യൂട്ടർ സ്വിച്ച് ഓൺ കർമം സഹകരണസംഘം ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) പി.വി. വത്സരാജും ഓഹരി സമാഹരണം സഹകരണസംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) എ.കെ. ഉഷയും ലോഗോ റിലീസിംഗ് പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനിയും നിർവഹിക്കും.
ട്രെയിക്സ് ചീഫ് പ്രൊമോട്ടർ കെ.ജെ. ജോര്‍ജിനെ ചടങ്ങിൽ ആദരിക്കും. ട്രെയിക്സ് ഡയറക്ടർ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, ധര്‍മടം കോ-ഓപ്പറേറ്റീവ് യൂണിറ്റ് ഇന്‍സ്പെക്ടര്‍ കെ.പി. ശ്രീജിത്ത് കുമാർ, പായം പഞ്ചായത്ത് മെംബർ പി.പി. കുഞ്ഞൂഞ്ഞ്, അധ്യാപക പ്രതിനിധി മാത്യു ജോസഫ് എന്നിവർ പ്രസംഗിക്കും. ട്രെയിക്സ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് സ്വാഗതവും ട്രെയിക്സ് സെക്രട്ടറി ബിന്ദു എം.ജോർജ് നന്ദിയും പറയും.
നിലവില്‍ തലശേരി ഹെഡ് ഓഫീസ് മെയിന്‍ ബ്രാഞ്ചും കോഴിക്കോട് ജില്ലയില്‍ താമരശേരി ബ്രാഞ്ചും പ്രവര്‍ത്തിച്ചുവരുന്നു. മൂന്നാമത്തെ ബ്രാഞ്ചാണ് ഇരിട്ടിയില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പുതിയ ബ്രാഞ്ചില്‍ സ്വര്‍ണ പണയ വായ്പയും സേഫ് ലോക്കര്‍ സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം റവന്യൂ ജില്ലകളിലായി പരന്നുകിടക്കുന്ന തലശേരി, താമരശേരി രൂപതകളിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി 1985 നവംബർ 20 തിനാണ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ആശീർവാദത്തോടെ തലശേരി രൂപത എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ട്രെയിക്സ്) പ്രവർത്തനം ആരംഭിച്ചത്. നിലവിൽ, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് ട്രെയിക്സിന്റെ രക്ഷാധികാരി. ഫാ. മാത്യു ശാസ്താംപടവിലിന്റെ നേതൃത്വത്തിലുള്ള 10 അംഗ ഭരണസമിതിയാണ് 40-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ട്രെയിക്സിന് നേതൃത്വം നല്‍കുന്നത്.
11450 രൂപ ഓഹരി മൂലധനവും 30 മെംബര്‍മാരുമായി തലശേരി വീനസ് കോര്‍ണറില്‍ പ്രവര്‍ത്തനം ആരംഭിച്ച ട്രെയിക്സിന് ഇന്ന് 4000 മെംബര്‍മാരും രണ്ടു കോടിയുടെ പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘം 37 വര്‍ഷമായി മെംബര്‍മാര്‍ക്ക് ഡിവിഡന്റ് നല്കിവരുന്നു.
സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ ക്രെഡിറ്റ് സംഘങ്ങളുടെ വിഭാഗത്തില്‍ ക്ലാസ് ഒന്നിൽ പ്രവര്‍ത്തിച്ചുവരുന്ന സൊസൈറ്റി സ്പെഷല്‍ ഗ്രേഡിലേക്ക് ഉയര്‍ത്തുവാനുള്ള അപേക്ഷ രജിസ്ട്രാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ സ്ഥിരമായി 'എ' ഗ്രേഡിലാണ്.