ജീവകാരുണ്യ പ്രവർത്തനവുമായി ജനമൈത്രി പോലീസ്
1543934
Sunday, April 20, 2025 5:31 AM IST
ഇരിട്ടി: കണ്ണൂർ ജില്ലാ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ ആറളം ഫാം പുനരധിവാസ മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനമൈത്രി പോലീസ്. ആറളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തങ്ങളാണ് ആറളം ആദിവാസി പുനരധിവാസ മേഖലയിലും പോലീസ് പരിധിയിലെ പട്ടികവർഗ സങ്കേതങ്ങളിലും ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലും നടപ്പാക്കി വരുന്നത്. അതിനൊപ്പമാണു ജില്ലാ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ഇത്തവണ പുനരധിവാസ മേഖലയിലെ ദരിദ്രരായ 12 ആളുകൾക്ക് കട്ടിലും അഞ്ച് ആളുകൾക്ക് വീൽ ചെയറും വിതരണം ചെയ്തു. മേഖലയിൽ പിഎസ്സി പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് പിഎസ് സി പരീക്ഷാ പഠനോപകരണങ്ങളും വിതരണം ചെയ്താണ് ജനമൈത്രി പോലീസ് മാതൃകയായത്. ആറളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മറ്റൊരു മാതൃകാപരമായ പദ്ധതിയിലൂടെ തത്പരരായ 250 അധികം ആളുകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകിവരുന്നുണ്ട്.
കട്ടിൽ, വീൽ ചെയർ, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം ആറളംഫാം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ജില്ലാ റൂറൽ പോലീസ് മേധാവി അനൂജ് പലിവാൾ നിർവഹിച്ചു. ഇരിട്ടി സബ് ഡിവിഷണൽ ഡിവൈഎസ്പി ധനഞ്ജയ ബാബു ചടങ്ങിൽ അധ്യക്ഷ വഹിച്ചു. കരിക്കോട്ടക്കരി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ബിനോയ്, എസ്ഐമാരായ റെജികുമാർ, റഷീദ്, വിനയകുമാർ എന്നിവർ പ്രസംഗിച്ചു.