കേന്ദ്ര ഫണ്ടിൽ നിർമിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ഇന്ന്; ക്ഷണക്കത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ലാത്തതിൽ വിവാദം
1544080
Monday, April 21, 2025 1:25 AM IST
പയ്യാവൂർ: കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച ആറ് ക്ലാസ് മുറികളുടെ ഉദ്ഘാടന ചടങ്ങിന്റെ ക്ഷണക്കത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്താതതിനെ ചൊല്ലി വിവാദം. ന്യൂനപക്ഷ ന്യൂനപക്ഷ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതി പ്രകാരം 49 ലക്ഷം രൂപാ ചെലവിലവാണ് സ്കൂളിൽ ക്ലാസ് മുറികൾ നിർമിച്ചത്.
എന്നാൽ ബിജെപി വിരോധം കാരണം രാഷ്ട്രീയ പ്രേരിതമായി പ്രധാന മന്ത്രിയുടെ ഫോട്ടോ സംഘാടകർ ഒഴിവാക്കിയതാണെന്ന് ബിജെപി ആരോപിച്ചു. ഇന്ന് സംസ്ഥാന ന്യൂനപക്ഷ മന്ത്രി ഉച്ച കഴിഞ്ഞ് മൂന്നിനാണ് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
പ്രധാന മന്ത്രിയുടെ ഫോട്ടോ ഒഴിവാക്കിയ സംഘാടക സമിതി നിലപാടിൽ പ്രതിഷേധിച്ച് ഉച്ച കഴിഞ്ഞ് രണ്ടിന് സ്കൂളിലേക്ക് ബിജെപി മാർച്ച് നടത്തും.
മാർച്ച് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് സഞ്ജു കൃഷ്ണകുമാർ അറിയിച്ചു.