സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് ആറുപേർക്ക് പരിക്ക്
1543937
Sunday, April 20, 2025 5:31 AM IST
മട്ടന്നൂർ: ഉളിയിൽ പാലത്തിനു സമീപം സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ബസ് യാത്രക്കാരായ ആറുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്.
തലശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ആസ്റ്റോറിയോ ബസിന് പിന്നിൽ കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഹരിശ്രീ ബസിടിക്കുകയായിരുന്നു.
ഇരു ബസുകളിലെയും യാത്രക്കാരായ ആറുപേർക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മത്സരയോട്ടമാണ് ബസുകൾ അപകടത്തിന് കാരണമെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു.മട്ടന്നൂർ സിഐ എം. അനിൽ സ്ഥലത്തെത്തി ബസുകളിലെ ഡ്രൈവർമാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
അപകടത്തെ തുടർന്ന് അരമണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു. പഴയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനങ്ങളുടെ അമിത വേഗതയും മത്സരയോട്ടവും കാരണം നിരവധി അപകടങ്ങളാണ് ഉളിയിൽ പാലത്തിന് സമീപം നടന്നത്. അടുത്തകാലത്തുണ്ടായ അപകടത്തിൽ ഏഴോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം പതിവായ സ്ഥലത്ത് വേഗത കുറയ്ക്കാനുള്ള ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.