എല്ലാവരെയും സമന്മാരായി കണ്ട വ്യക്തിത്വം: മാര്‍ മാത്യു മൂലക്കാട്ട്
1544356
Tuesday, April 22, 2025 2:06 AM IST
കോട്ടയം: അജപാലനശുശ്രൂഷയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തിയിരുന്ന പാപ്പ തികഞ്ഞ മനുഷ്യസ്നേഹിയും എല്ലാവരെയും സമന്മാരായി കാണുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. കോട്ടയം അതിരൂപത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ലാറ്റിനമേരിക്കന്‍ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന പാപ്പായുടെ ജീവിതപശ്ചാത്തലങ്ങളും മുന്‍കാല അനുഭവങ്ങളും സഭയെ വേറിട്ടതും ശക്തവുമായ വഴിയിലൂടെ നയിക്കുവാന്‍ അദ്ദേഹത്തിനു ശക്തി പകര്‍ന്നു. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന മാര്‍പാപ്പ തികഞ്ഞ പരിസ്ഥിതി സ്നേഹി കൂടിയായിരുന്നു. ജീവിതം മുഴുവന്‍ സുവിശേഷാനുസരണം ജീവിച്ച് ഉയിര്‍പ്പിന്റെ സന്ദേശം ലോകത്തിനു നല്കി പാപ്പ വിടവാങ്ങിയിരിക്കുകയാണ്. പല ചാക്രിക ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചെങ്കിലും പാപ്പയുടെ ജീവിതമാണ് ലോകത്തിനു നല്കിയ ഏറ്റവും വലിയ സന്ദേശമടങ്ങിയ ഗ്രന്ഥം. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ആത്മീയ നേതൃത്വം തലമുറകള്‍ക്ക് പ്രകാശം ചൊരിയും.