പയ്യാവൂർ തീർഥാടന പള്ളിയിൽ തിരുനാൾ 25 മുതൽ
1543917
Sunday, April 20, 2025 5:15 AM IST
പയ്യാവൂർ: ദൈവകരുണയുടെ തീർഥാടന പള്ളിയിൽ പത്തു ദിവസത്തെ തിരുനാളാഘോഷങ്ങളും നവനാൾ പ്രാർഥനയും 25 മുതൽ മേയ് നാലു വരെ നടക്കും. 25ന് വൈകുന്നേരം നാലിന് കരുണക്കൊന്ത പ്രാർഥനാ ശുശ്രൂഷക്ക് ശേഷം വികാരി ഫാ. ജോൺ വാഴകാട്ട് തിരുനാൾ കൊടിയേറ്റും സെമിത്തേരി സന്ദർശനവും നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. മാത്യു കൊട്ടുകാപ്പള്ളി കാർമികത്വം വഹിക്കും.
മേയ് മൂന്നു വരെ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ കരുണക്കൊന്ത, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും. ഫാ. ജോൺ കൂവപ്പാറയിൽ, ഫാ. ജോസഫ് എഴുപറയിൽ, ഫാ. മാത്യു ആനിക്കുഴിക്കാട്ടിൽ, ഫാ. ബിബിൻ അഞ്ചെമ്പിൽ, ഫാ.നോബിൾ ഓണംകുളം, ഫാ. അഗസ്റ്റിൻ ചെറുനിലം, ഫാ. വർഗീസ് കളപ്പുരയ്ക്കൽ, ഫാ. ജോസഫ് ചൊള്ളമ്പുഴ എന്നിവർ വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. മേയ് മൂന്നിന് വൈകുന്നേരം 6.45ന് പയ്യാവൂർ ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം എന്നിവ നടക്കും.
സമാപന ദിനമായ നാലിന് രാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുർബാന. 8.30ന് ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം എന്നിവക്ക് തലശേരി അതിരൂപതാ ചാൻസിലർ ഫാ. ജോസഫ് മുട്ടത്ത്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം എന്നിവക്ക് ശേഷം ഊട്ട് നേർച്ചയും ഉണ്ടായിരിക്കും.