മട്ടന്നൂർ പഴശിയിലെ സർക്കാർ ആയുർവേദ ആശുപത്രി ; ആദ്യഘട്ട നിർമാണം പൂർത്തിയായി
1544075
Monday, April 21, 2025 1:25 AM IST
മട്ടന്നൂർ: പഴശിയിൽ നിർമിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമാണ പ്രവൃത്തികൾ വിലയിരുത്തി. ഈ വർഷം അവസാനത്തോടെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 17 കോടി രൂപ ചെലവിലാണ് 50 കിടക്കകളുള്ള ആശുപത്രി നിർമിക്കുന്നത്. കെ.കെ.ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നിർമാണ പ്രവൃത്തികൾ വിലയിരുത്തിയത്.
പഴശി കന്നാട്ടുംകാവിലാണ് ആധുനിക സൗകര്യങ്ങളോടെ ആയുർവേദ ആശുപത്രിയുടെ നിർമാണം നടക്കുന്നത്. ആദ്യഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയായി കഴിഞ്ഞു. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ മൂന്നു നിലകളുടെ നിർമാണം പൂർത്തിയായി. ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിൽ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ അഞ്ച് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്.
ആശുപത്രി യാഥാർഥ്യമാകുന്നത്തോടെ സംസ്ഥാനത്തെ തന്നെ മികച്ച ആശുപത്രിയായി ഇത് മാറും. ആയുർവേദത്തിനാണ് പ്രാധാന്യമെങ്കിലും മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധനയും ഇവിടെയുണ്ടാകും. സാധാരണക്കാർക്ക് സൗജന്യ ചികിത്സ ലഭിക്കും. വിമാനത്താവളത്തിനു തൊട്ടടു ത്ത പ്രദേശമായതിനാൽ കേരളത്തിന്റെ പാരമ്പര്യ ചികിത്സയായ ആയുർവേദത്തെ തേടി വരുന്ന ആഭ്യന്തര-വിദേശ യാത്രികർ കൂടി ഇവിടെ എത്തും. താഴത്തെ നിലയിൽ ഒപി അടയ്ക്കമുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളിൽ വാർഡുകളുമാണ് ഉണ്ടാകുക.
കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒന്പതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ രണ്ടു കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. പിന്നീട് കേന്ദ്ര-സംസ്ഥാന വിഹിതമായി ആറു കോടി രൂപയും ചേർന്ന് 17 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമിക്കുന്നത്.
രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികൾക്കൊപ്പം തന്നെ അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ഇവിടെ ലഭ്യമാക്കുക.