പുഴയോര ശുചീകരണം മൂന്നാംഘട്ടം നടത്തി
1543932
Sunday, April 20, 2025 5:31 AM IST
പയ്യന്നൂർ: ചാൾസൺ സ്വിമ്മിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ മൂന്നാംഘട്ട പുഴ ശുചീകരണം കവ്വായി കായലിൽ നടത്തി. ഇന്നലെ രാവിലെ രാമന്തളി തെക്കുമ്പാട് ബോട്ട് ജെട്ടിയിൽ ആരംഭിച്ച ശുചീകരണം രാമന്തളി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ദിനേശൻ ഫ്ലാഗ് ഓഫ് ചെയ്തു.
രാമന്തളി, കവ്വായി കായൽ തീരങ്ങളിലൂടെ 10 കയാക്കിംഗ് തോണികളിലും രണ്ട് നാടൻ വള്ളങ്ങളിലുമായി നടത്തിയ ശുചീകരണത്തിൽ 11 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ഇവ കവ്വായി ബോട്ട് ടെർമിനലിൽ നടന്ന പരിപാടിയിൽ പയ്യന്നൂർ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി. ബാലന് കൈമാറി.
ശുചീകരണ യജ്ഞത്തിന്റെ സമാപന പ്രവർത്തനം 27ന് കവ്വായി പാലത്തിന് സമീപത്ത് നിന്നാരംഭിച്ച് ഉളിയത്ത് കടവിൽ സമാപിക്കും. സമാപന പരിപാടി ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത സന്നദ്ധഭടന്മാരെ ചടങ്ങിൽ ആദരിക്കും.