മാഹിയിൽ പെട്രോൾ പമ്പിൽ മണ്ണിടിച്ചിൽ: പമ്പ് പ്രവർത്തിക്കുന്നത് ചെങ്കുത്തായ കയറ്റത്തിൽ
1543931
Sunday, April 20, 2025 5:31 AM IST
മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് പാതയുടെ സർവീസ് റോഡിൽ പുതുതായി ആരംഭിച്ച പെട്രോൾ പമ്പിന്റെ സംരഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു. പള്ളുരിനടുത്ത സർവീസ് റോഡിലെ ചെങ്കുത്തായ കയറ്റത്തിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കമ്പനിയുടെ പമ്പിന്റെ ഭാഗമാണ് ഇടിഞ്ഞത്. ഭാര വാഹനങ്ങൾക്കടക്കം ഇത് വലിയ അപകട ഭീഷണിയാണ്.
കൂടാതെ സർവീസ് റോഡിന്റെ പ്രവൃത്തി പൂർത്തിയായിട്ടുമില്ല. മാഹി ഡപ്യൂട്ടി തഹസിൽദാരടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. തൊട്ടടുത്ത സ്ഥലം ഉടമ മണ്ണ് നീക്കിയതോടെയാണ് പമ്പ് ഇടിയാൻ തുടങ്ങിയതെന്നാണ് സൂചന. മാഹി ബൈപ്പാസിൽ ഒന്നര കിലോമീറ്ററിനുള്ളിലെ സർവീസ് റോഡിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പെട്രോൾ പമ്പുകൾക്ക് അനുമതി നല്കിയതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഈ മേഖലയിൽ 14 പമ്പുകൾക്കാണ് നിലവിൽ അനുമതി നല്കിയിട്ടുള്ളത്.