ഓൺലൈൻ തട്ടിപ്പിൽ 1.41 ലക്ഷം നഷ്ടമായി
1543940
Sunday, April 20, 2025 5:31 AM IST
കണ്ണൂർ: ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ വിവിധ പരാതികളിലായി 1,41,604 രൂപ നഷ്ടമായി. എഡ്യുക്കേഷൻ സ്ഥാപനത്തിൽ അഡ്മിഷനെടുത്ത് കൊടുത്താൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ധർമടം സ്വദേശിനിക്ക് 69,288 രൂപ നഷ്ടമായി.
വാട്സ് ആപ് വഴി വന്ന ഇവോക എന്ന ഒരു ഓൺലൈൻ എഡ്യുക്കേഷൻ സ്ഥാപനത്തിൽ പുതിയ അഡ്മിഷൻ എടുത്തു നല്കുകയാണെങ്കിൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദ്യം പണം നിക്ഷേപിക്കണമെന്നും അഡ്മിഷൻ എടുത്ത് നല്കുമ്പോൾ പണം തിരികെ നല്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ഫേസ്ബുക്ക് വഴി കണ്ട പരസ്യത്തെ തുടർന്ന് ഡ്രോൺ വാങ്ങുന്നതിനായി പണം നിക്ഷേപിച്ച വളപട്ടണത്ത് താമസിച്ച് വരുന്ന അതിഥിതൊഴിലാളിക്ക് 42,318 രൂപ നഷ്ടപ്പെട്ടു. പണം നല്കിയിട്ടും ഓഡർ ചെയ്ത സാധനമോ വാങ്ങിയ പണമോ തിരിച്ച് നല്കാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.
സുഹൃത്തെന്ന വ്യാജേന വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് മയ്യിൽ സ്വദേശിയുടെ 15,000 രൂപ തട്ടിയെടുത്തു. വാട്സ് ആപ് വഴി ട്രേഡിംഗ് ചെയ്യാനെന്ന് പറഞ്ഞ് പിണറായി സ്വദേശിയുടെ 14,998 രൂപ തട്ടിയെടുത്തതായി പരാതി. ട്രേഡിംഗ് ചെയ്ത് ഉയർന്ന ലാഭമുണ്ടാക്കാൻ എഐ സോഫ്റ്റ്വെയർ വാങ്ങണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെന്നായിരുന്നു പരാതി.