അന്ത്യത്താഴ സ്മരണയിൽ പെസഹ ആചരിച്ചു
1543492
Friday, April 18, 2025 1:06 AM IST
കണ്ണൂർ: ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓർമയിൽ ക്രൈസ്തവർ പെസഹ ആചരിച്ചു. പള്ളികളിൽ വിശുദ്ധ കുർബാനയ്ക്കൊപ്പം കാൽകഴുകൽ ശുശ്രുഷയും നടന്നു. അന്ത്യത്താഴത്തിനു മുന്പ് ക്രിസ്തു ശിഷ്യൻമാരുടെ കാൽ കഴുകിയതിനെ അനുസ്മരിച്ച് പള്ളികളിൽ വൈദികർ വിശ്വാസികളുടെ കാൽകഴുകി ചുംബിച്ചു. വൈകുന്നേരങ്ങളിൽ പള്ളികളിലും വീടുകളിലും അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു.
തലശേരി സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി. സെന്റ് ജോസഫ് കത്തീഡ്രൽ വികാരി ഫാ.ജോർജ് കരോട്ട്, ഫാ.ജോൺ മുണ്ടോളിക്കൽ, ഫാ.ജോസഫ് മാളക്കാരൻ, ഫാ.കുര്യാക്കോസ് പ്ലാവുനിൽക്കുംപറന്പിൽ എന്നിവർ സഹകാർമികരായിരുന്നു.
കണ്ണൂർ ശ്രീപുരം സെന്റ് മേരീസ് പള്ളിയിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ പെസഹാ തിരുകർമ്മങ്ങൾക്ക് നേതൃത്വം നല്കി. ഇടവ വികാരി ഫാ.ജോയി കട്ടിയാങ്കൽ, അസി.വികാരി ഫാ.ജോൺസൺ മാരിയിൽ എന്നിവർ സഹകാർമികരായിരുന്നു.
ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന പെസഹ തിരുക്കർമങ്ങൾക്ക് കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതലയും തലശേരി ഹോളി റോസറി പള്ളിയിൽ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിലും മുഖ്യകാർമികത്വം വഹിച്ചു.
ദുഃഖ വെള്ളി ദിനാചരണമായ ഇന്ന് പള്ളികളിൽ ഇന്ന് പീഢാസഹന അനുസ്മരണ ശുശ്രൂഷ, കുരിശാരാധന, കുരിശിന്റെ വഴി എന്നിവ നടക്കും.