അശരണർക്ക് സഹായമെത്തിക്കാൻ ഓട്ടോയുമായി ഓടുകയാണ് ബിജു
1544074
Monday, April 21, 2025 1:25 AM IST
ഉളിക്കൽ: അശരണർക്കും സഹായമാവശ്യമുള്ളവരിലേക്കും ഏതു സമയവും ഓടിയെത്തുന്ന ഒരു ഓട്ടോയും ഡ്രൈവറുമുണ്ട് ഉളിക്കൽ ടൗണിൽ. ദൈവപൈതൽ എന്ന ഓട്ടോ റിക്ഷയും ബിജുവെന്ന ഡ്രൈവറുമാണത്.
ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുന്ന ബിജു തന്റെ വരുമാനത്തിൽ മിച്ചം പിടിച്ചും സഹായമനസ്കർ നൽകുന്ന സഹായങ്ങളുമാണ് അർഹരായവരിൽ എത്തിച്ചു നൽകുന്നത്. ഓട്ടോ ഓടിച്ച് വരുമാനമുണ്ടാക്കുന്നതിനെക്കാളും ദൈവപൈതൽ ബിജു ഓടിക്കുന്നത് സഹായമെത്തിക്കാനാണ്. സാധാരണ കുടുംബത്തിലെ അംഗമായ ബിജുവിന്റെ പത്താംതരം വരെയുള്ള പഠനം അധ്യാപകരുടെ സഹായത്താലും ഒപ്പം ഒരു ബേക്കറിയിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനത്തിലൂടെയുമായിരുന്നു.
ഒരിക്കൽ നെല്ലിക്കാംപൊയിൽ പള്ളിയിലെ ദിവ്യബലിക്ക് മധ്യേ അന്നത്തെ അസി. വികാരി ഫാ. ടോമി എടാട്ട് നൽകിയ വചന സന്ദേശം ബിജുവിന്റെ മനസിനെ ആഴത്തിൽ സ്പർശിച്ചു. അശരണർക്കായി തന്നെകൊണ്ട് കഴിയുന്നത് ചെയ്യണമെന്ന തീരുമാനമെടുത്തായിരുന്നു അന്നു പള്ളിയിൽ നിന്നിറങ്ങിയത്. കണ്ണൂർ, എടൂർ, കൂട്ടുപുഴ, ചെമ്പേരി, കോളയാട് തുടങ്ങിയ സ്ഥലങ്ങളിലെ അനാഥമന്ദിരങ്ങളിലെ അന്തേവാസികളുടെ മുടിവെട്ടിക്കൊടുത്തും ഷേവ് ചെയ്തുമായിരുന്നു
കാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതോടൊപ്പം 10 വർഷം ദേവാലയ ശുശ്രൂഷി ആയി സേവനം ചെയ്തു. പിന്നീടാണ് ശുശ്രൂഷയും സ്വന്തം ഉപജീവനും ലക്ഷ്യമാക്കി ഓട്ടോറിക്ഷ വാങ്ങിയത്. ഇതിന് ദൈവപൈതൽ എന്ന് പേരും നൽകി.
വിശ്രമം ഇല്ലാത്ത ദൈവപൈതൽ
പകൽ മുഴുവൻ ദൈവപൈതൽ സഹായങ്ങളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓടിക്കൊണ്ടേയിരിക്കും. രോഗികളെ ആശുപത്രിയിലെത്തിക്കൽ, ആവശ്യക്കാർക്ക് മരുന്നും ഭക്ഷണവും വാങ്ങി നൽകൽ എന്നീ സേവനങ്ങൾക്കായി ഓടുന്ന ബിജു രാത്രി ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്താനുള്ള വരുമാനം കണ്ടെത്തുന്നത്. ഇതിനിടെ കുടുംബ സ്വത്തായ 38 സെന്റ് സ്ഥലത്ത് മറ്റുള്ളവരുടെ സഹായത്തോടെ രണ്ടു ഭവനങ്ങൾ നിർമിച്ചു നിരാലംബരായവരെ താമസിപ്പിക്കുന്നുമുണ്ട്. 600ഓളം രോഗികളെ വിവിധ തലങ്ങളിലായി സഹായിക്കുകയും ചെയ്യുന്നു. ക്രിസ്മസ്, ഓണം, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ ഉൾകൊള്ളുന്ന കിറ്റുകളും പലർക്കും എത്തിച്ചു കൊടുക്കും.
ബിജുവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചറിഞ്ഞ വിവിധ സംഘടനകൾ, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ബിസിനസുകാർ തുടങ്ങിയവരുടെ നിർലോഭമായ സഹകരണവും ലഭിക്കുന്നുണ്ട്. എന്നാൽ, ഇവരിൽ ഒരാളിൽ നിന്നും പോലും ബിജു പണം നേരിട്ട് വാങ്ങാറില്ല.
നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കി നൽകുകയാണ് ചെയ്യുക. ഇത്തവണ വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് 500 ഓളം കിറ്റുകളാണ് ബിജു വിതരണം ചെയ്തത്.ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾക്ക് ചങ്ങനാശേരി അതിരൂപത ബിജുവിനെ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. അതിരൂപതയുടെ സമർപ്പിത അവാർഡായ ഫാ. റോയി മുളകുപാടം സ്മാരക ജീവകാരുണ്യ അവാർഡ് നൽകിയാണ് ബിജുവിനെ ആദരിച്ചത്.
തലശേരി അതിരൂപതയും പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഷെല്ലിയാണ് ഭാര്യ. അനുഗ്രഹ്, അർപിത്, ഗ്രേസ്, ആഗ്നസ് എന്നിവർ മക്കളാണ്.