കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി രാജീവ്
1544579
Wednesday, April 23, 2025 1:55 AM IST
കണ്ണൂർ: കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്നും പ്രായഭേദമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പി. രാജീവ്. മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് പുതുതായി വിപണിയിലിറക്കുന്ന ഗാബ റൈസ് പ്രോഡക്ട് വിപണിയിൽ ഇറക്കുന്നതിന്റെയും ജില്ലാപഞ്ചായത്ത് കെട്ടിടത്തിലെ വിപുലീകരിച്ച കേരളാ ഗ്രോ വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് മന്ത്രിയില്‍ നിന്നും ഉത്പന്നം ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
ഗാബ റൈസ്
മുളപ്പിച്ച നെല്ല് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഗാമ അമിനോ ബ്യൂട്ടിറിക് ആസിഡ് അടങ്ങുന്ന അരിയാക്കി മാറ്റിയാണ് ഗാബ റൈസ് എന്ന പേരില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണിത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി ഉത്പന്നം വികസിപ്പിച്ചത്. നബാര്‍ഡ് വഴി കമ്പനിക്ക് ധനസഹായവും ലഭിച്ചിട്ടുണ്ട്.