നഷ്ടമായത് ലോകത്തിന്റെ പ്രത്യാശ: ബ്രദർ മാത്യു കാവുങ്കൽ
1544354
Tuesday, April 22, 2025 2:06 AM IST
ലോകത്തിന്റെ സ്നേഹനിധിയും പ്രത്യാശയുമായിരുന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായെന്ന് മോണ്ട്ഫോർട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേൽ സഭാംഗമായ ബ്രദർ മാത്യു കാവുങ്കൽ അനുസ്മരിച്ചു. കരുണയും സ്നേഹവും നിറഞ്ഞ മാർപാപ്പാ മോണ്ട്ഫോർട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേലിനെ വളരെ സ്നേഹിച്ച പിതാവായിരുന്നു. എനിക്ക് പല തവണ പിതാവിനെ കാണാനും സംസാരിക്കാനുമുള്ള സാഹചര്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഈശോയുടെ സുവിശേഷം പ്രഘോഷിക്കുകയും എളിമയോടെ ജീവിക്കുകയും ഈശോയുടെ അളവില്ലാത്ത സ്നേഹം ധൈര്യത്തോടെ പങ്കുവയ്ക്കുകയും പാവങ്ങൾക്കു വേണ്ടി എങ്ങനെ ജീവിക്കണം എന്നു മാതൃക കാട്ടിത്തരുകയും ചെയ്തു. എന്റെ സഹായം പദ്ധതി വഴി എന്റെ ജീവിതം അനേകായിരം പാവങ്ങൾക്കായി സമർപ്പിച്ചിട്ടുള്ളത് പിതാവിന് നല്ലതു പോലെ അറിയാമായിരുന്നു. അതേപ്പറ്റി സന്തോഷിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
"വിദ്യാഭ്യാസ സഹായം' പ്രകാശം നൽകുന്ന സൽപ്രവൃത്തിയാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞതും തന്നെ ഏറെ പ്രചോദിപ്പിച്ചുവെന്നും ബ്രദർ കാവുങ്കൽ പറഞ്ഞു.