ഭൂമി തങ്ങളുടേതെന്ന് ഈറ്റിശേരി ഇല്ലക്കാർ
1544363
Tuesday, April 22, 2025 2:06 AM IST
തളിപ്പറമ്പ്: തളിപ്പറമ്പിൽ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്ക വിഷയം ചർച്ചയാകുന്നതിനിടെ ഭൂമിയുടെ അവകാശമുന്നയിച്ച് നരിക്കോട് ഈറ്റിശേരി ഇല്ലം കുടുംബാംഗങ്ങൾ രംഗത്ത്. തളിപ്പറമ്പ് ജമാഅത്ത് പള്ളിക്ക് കീഴിലുള്ള 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്ന അവകാശവാദമാണ് ഇവർ ഉന്നയിച്ചിരിക്കുന്നത്. പൂർവികർ വാക്കാൽ ലീസിന് നൽകിയതാണ് ഈ ഭൂമിയെന്നും സിഡിഎംഇഎ കോടതിയിൽ നൽകിയ ഹർജിയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും ഇല്ലത്തിന്റെ ഇപ്പോഴത്തെ അവകാശികൾ പറഞ്ഞു.
തളിപ്പറമ്പ് നഗരത്തിലെ നിരവധി പ്രദേശങ്ങൾ വർഷങ്ങൾക്ക് മുന്പ് നരിക്കോട് ഈറ്റിശേരി ഇല്ലത്തിന്റെ അധീനതയിലായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളിൽ ഉൾപ്പെടെ നരിക്കോട് ഇല്ലത്തിന്റെ പേര് പരാമർശിക്കുന്നുണ്ട്. തങ്ങളുടെ മുൻതലമുറയിൽ പെട്ടവരുടെ അധീനതയിലുള്ള ഭൂമി പാട്ടത്തിന് നൽകിയതല്ലാതെ വഖഫ് ബോർഡിന് നൽകിയിട്ടുണ്ടെന്നത് കേട്ടു കേൾവി പോലുമില്ലാത്ത കാര്യമാണെന്നും ഇവർ പറഞ്ഞു. വഖഫ് അവകാശവാദം ഉന്നയിക്കുന്ന 600 ഏക്കർ മറുപാട്ടം നൽകിയതായി ഒരു രേഖയുമില്ലെന്നും ഇവർ പറയുന്നു.
അതേസമയം, തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ കണ്ണൂർ ഡിസ്ട്രിക്ട് മുസ് ലിം എഡ്യുക്കേഷനൽ അസോസിയേഷൻ (സിഡിഎംഇഎ) കോടതിയിൽ നൽകിയ ഹർജിയിൽ 25 ഏക്കർ ഭൂമി വഖഫ് ഭൂമിയല്ലെന്നും നരിക്കോട് ഇല്ലത്തിന്റേതാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ലീഗ് നേതൃത്വം ഇടപെട്ട് സിഡിഎംഇഎയെ തിരുത്തിച്ചിരുന്നു.
വഖഫ് ബോർഡിന്റെ അനുമതിയോടെ ഉണ്ടാക്കിയ വാടക കരാർ പ്രകാരം കഴിഞ്ഞ 54 വർഷമായി വാടക നൽകിയ 25 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നരിക്കോട് ഈറ്റിശേരി ഇല്ലത്തിനാണെന്ന സിഡിഎംഇഎയുടെ നിലപാടിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സർ സയ്യിദ് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായ സിഡിഎംഇഎ സ്വീകരിക്കുന്നതെന്നാണ് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ഭാരവാഹികളുടെ ആരോപണം.