അടിസ്ഥാന സൗകര്യ വികസനം പുതിയ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നു: മന്ത്രി ബാലഗോപാൽ
1544359
Tuesday, April 22, 2025 2:06 AM IST
കണ്ണൂർ: അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുന്നുണ്ടെന്നും ഇതിലൂടെ യുവജനങ്ങള്‍ക്ക് വിദേശങ്ങളിലേക്ക് ജോലി തേടി പോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ചെറുപുഴ സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി സംവിധാനമാണ് കേരളത്തിലേത്. ട്രഷറികളുടെ നവീകരണത്തിന്റെ ഭാഗമായി ഇടപാടുകാരുടെ അഭിപ്രായങ്ങളുംകൂടി പരിഗണിച്ചാണ് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ടി.ഐ. മധുസൂദനന് എംഎല്‍എ അധ്യക്ഷനായിരുന്നു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി ചെറുപുഴ പഞ്ചായത്ത് ഓഫീസിനു സമീപം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാങ്ങി നല്കിയ സ്ഥലത്താണ് പുതിയ ട്രഷറി കെട്ടിടം നിര്‍മിക്കുക. 1,66,10,202 രൂപയാണ് അടങ്കല്‍ തുക. എച്ച്എല്‍എല്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍, എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. രാമചന്ദ്രന്, ജില്ലാപഞ്ചായത്ത് അംഗം എം. രാഘവന്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ദാമോദരന്‍, ചെറുപുഴ പഞ്ചായത്ത് അംഗം എം.ബാലകൃഷ്ണന്, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്, കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ജി. രമാദേവി, ജില്ലാ ട്രഷറി ഓഫീസര്‍ ടി. ബിജു, ട്രഷറി സ്ഥലം വാങ്ങല്‍ ജനകീയ കമ്മിറ്റി കണ്‍വീനര്‍ കെ.ഡി. അഗസ്റ്റിന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.