ആറളം ഫാമിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം
1544573
Wednesday, April 23, 2025 1:55 AM IST
ഇരിട്ടി: തുരത്തിയിട്ടും തുരത്തിയിട്ടും ഒഴിയാതെ ആറളം ഫാമിലെ കാട്ടാന ഭീഷണി. അക്രമകാരിയായ രണ്ടു മോഴകളും മൂന്നു കൊന്പനാനകളുമാണ് ഫാം മേഖലയിൽ ഇപ്പോൾ ചുറ്റിത്തിരിയുന്നത്. കഴിഞ്ഞ ദിവസം ആറാം ബ്ലോക്കിലെ കഞ്ഞിപ്പുര കാട്ടാന തകർത്തു. തൊഴിലാളികളും ജീവനക്കാരും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനായി നിർമിച്ച കെട്ടിടത്തിനോട് ചേർന്നുള്ള ഷെഡാണ് കാട്ടാന തകർത്തത്. കഞ്ഞിപ്പുരയുടെ ഭിത്തി കുത്തിയിളക്കി മറിച്ചിടാനും ശ്രമം നടന്നു. ഭിത്തിയുടെ പലഭാഗങ്ങളിലും കൊന്പ് കൊണ്ട് കുത്തിയതിന്റെ അടയാളങ്ങളുണ്ട്.
ആറാം ബ്ലോക്കിൽ ഒരു മോഴയാന ഉൾപ്പെടെ ആറ് ആനകളുണ്ടെന്ന് ഫാമിലെ സുരക്ഷാ ജീവനക്കാർ പറയുന്നു.
കാട്ടാനകൾ കഞ്ഞിപ്പുര പൊളിക്കുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് ആനക്കൂട്ടം പിൻവാങ്ങിയത്. തെങ്ങും കശുമാവും നശിപ്പിച്ചിരുന്ന കാട്ടാനകൾ ഇപ്പോൾ റബർ മരങ്ങളും നശിപ്പിക്കുകയാണ്. റബർ മരത്തിന്റെ കരിന്തൊലി ആനകൾ പൊളിച്ചെടുത്ത് തിന്നുകയാണ്. തൊലി പൊളിച്ചെടുക്കുന്നതോടെ മരങ്ങൾ ക്രമേണ ഉണങ്ങി നശിക്കും.
കൊലയാളി മോഴ
ഇപ്പോഴും വിലസുന്നു
ആറളം ഫാമിൽ അപകടകാരികളായ മോഴയുൾപ്പെടെയുള്ള കാട്ടാനകളെ മയക്കുവെടി വച്ച് പിടികൂടി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് താമസക്കാർ ആവശ്യപ്പെടുന്നു. ആറളത്തും സമീപ പ്രദേശങ്ങളിലും നിരവധി പേരെ വകവരുത്തിയ കൊലയാളി മോഴയാന ഇപ്പോഴും ഇവിടെ തന്നെയുണ്ട്. മുന്പ് കൊലയാളിയാനയായ ചുള്ളിക്കൊന്പനെ മയക്കുവെടിവച്ച് പിടികൂടിയതു പോലം ഇവിടെയുള്ള ആനക്കൂട്ടത്തെ വെടിവച്ച് പിടികൂടി നാടുകടത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പത്ത് വർഷത്തിനുള്ളിൽ കാട്ടാനക്കലിയിൽ 15 ജീവനുകളാണ് പൊലിഞ്ഞത്. ആറളംവന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ആനകൾ ഇപ്പോൾ ഫാം മേഖലയിലുണ്ടെന്നും താമസക്കാർ പറയുന്നു.
വനംവകുപ്പിന്റെ
അനാസ്ഥയെന്ന്
തൊഴിലാളികൾ
ആറളം ഫാം, പുനരധിവാസ മേഖലകളിൽ കാട്ടാനകൾ വിലസുന്പോഴും നടപടിയെടുക്കേണ്ട വനം വകുപ്പ് നിസംഗത പുലർത്തുകയാണെന്ന് ഫാം തൊഴിലാളികൾ ആരോപിച്ചു. ഫാം കൃഷിയിടത്തിൽ നിന്നും ആനകളെ തുരത്താൻ വകുപ്പ് താത്പര്യം കാട്ടുന്നില്ല. ജീവൻ പണയം വച്ചാണ് ഫാമിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത്.
ഡിഎഫ്ഒ നേരിട്ടെത്തി ആനതുരത്തിലിന് നേതൃത്വം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇറങ്ങി ഫാമിൽ തമ്പടിച്ചിരുന്ന മുഴുവൻ ആനകളെയും തുരത്തി വൈദ്യുത വേലി ചാർജ് ചെയ്യുമെന്ന് തൊഴിലാളികൾ പറഞ്ഞു.