കാഞ്ഞിരക്കൊല്ലി ബസ് സർവീസ് നിർത്തരുതെന്ന് പ്രദേശവാസികൾ
1543913
Sunday, April 20, 2025 5:15 AM IST
പയ്യാവൂർ: കണ്ണൂരിൽ നിന്ന് തളിപ്പറമ്പ്-പയ്യാവൂർ-കുന്നത്തൂർപാടി വഴി കാഞ്ഞിരക്കൊല്ലിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തലാക്കാൻ അനുവദിക്കില്ലെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പ്രദേശവാസികൾ. കിഴക്കൻ മലയോരത്തെ അവികസിത കുടിയേറ്റ ഗ്രാമമായ കാഞ്ഞിരക്കൊല്ലിയിലേക്കുള്ള ഏക ബസ് സർവീസാണിത്.
വർഷങ്ങളായി മുടക്കമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഈ ബസിന് ജില്ലയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നതിൽ രണ്ടാം സ്ഥാനമുണ്ടെന്നിരിക്കെ നിർത്തലാക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. മാത്രമല്ല രാവിലെ ഏഴിന് കാഞ്ഞിരക്കൊല്ലിയിൽ നിന്ന് കണ്ണൂരിലേക്കു പുറപ്പെടുന്ന ഈ ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്ന നിരവധി ഓഫീസ് ജീവനക്കാരും ദിവസ വേതന തൊഴിലാളികളുമുണ്ട്.
കണ്ണൂരിലെത്തിയശേഷം മറ്റിടങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ടെങ്കിലും രാത്രി 7.30ന് കാഞ്ഞിരക്കൊല്ലിയിൽ എത്തിച്ചേരുന്ന ഈ ബസിൽ തന്നെയാണു രാവിലെ ജോലിക്ക് പോയവർ തിരികെയെത്തുന്നതും. ഈ സർവീസ് നിലച്ചാൽ സാധാരണക്കാരായ തൊഴിലാളികൾക്ക് വിവിധ ജോലി സ്ഥലങ്ങളിലേക്കു യാത്രചെയ്യാൻ മറ്റു മാർഗങ്ങളില്ല.
ഈ സാഹചര്യം പരിഗണിച്ച് ഇവിടേക്കുള്ള ഏക ബസ് മുടങ്ങാതെ സർവീസ് തുടരാനുള്ള ഉറച്ച തീരുമാനമുണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. സർവീസ് നിർത്തലാക്കിയാൽ നാട്ടുകാർ ഒന്നടങ്കം കെഎസ്ആർടിസിയുടെ കണ്ണൂർ ഡിപ്പോയിലേക്ക് മാർച്ചും ധർണയും സത്യഗ്രഹവുമടക്കമുള്ള സമരങ്ങൾ ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.