പരിഷ്കരണം പുതിയതെരുവിനെ ഗ്രീൻ സോണാക്കി: ട്രാഫിക് റഗുലേറ്ററി കമ്മിറ്റി
1543910
Sunday, April 20, 2025 5:15 AM IST
കണ്ണൂർ: പാപ്പിനിശേരി-വളപട്ടണം-പുതിയതെരു ഗതാഗത പരിഷ്കരണം റെഡ് സോണിലായിരുന്ന പുതിയതെരുവിനെ ഗ്രീൻ സോണാക്കി മാറ്റിയെന്ന് സംസ്ഥാന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി. ഈ സാഹചര്യത്തിൽ നടപ്പിൽ വരുത്തിയ പരിഷ്കരണം തുടരാനും നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും കെ.വി. സുമേഷ് എംഎൽഎയുടെയും എഡിഎം പദ്മചന്ദ്രക്കുറുപ്പിന്റെയും സാന്നിധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
ഇതു സംബന്ധിച്ച് പോലീസിനും ആർടിഒയ്ക്കും യോഗം നിർദേശം നൽകി. ജില്ലയിൽ തന്നെ ഏറെ ഉപകാരപ്രദമായ ഗതാഗത പരിഷ്കരണമാണി ഇവിടെ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി.
മാഗ്നറ്റ് ഹോട്ടലിനു മുന്നിലെ കണ്ണൂർ, തളിപ്പറമ്പ് ഭാഗത്തേക്ക് ഇരു ബസ്സ്റ്റോപ്പുകളിലും ബസുകൾ റോഡിന്റെ മധ്യത്തിൽ നിർത്തുന്നതും പാപ്പിനിശേരി-പഴയങ്ങാടി ജംഗ്ഷനിൽ ട്രാഫിക് ലംഘിച്ച് സ്വകാര്യ വാഹനങ്ങൾ എതിർ വശത്തേക്ക് കയറുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കുരുക്കിനിടയാക്കുന്ന സാഹചര്യത്തിലാണ് നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
പരിഷ്കരണം നടപ്പാക്കുന്നതിന് മുന്പ് ഒരു മിനിറ്റിൽ 62 വാഹനങ്ങൾ കടന്നുപോയിരുന്ന സ്ഥാനത്ത് 86 വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ടാങ്കർ ലോറികളും ചരക്ക് വാഹനങ്ങളും കടന്നുപോകുന്നതിനാൽ വൈകുന്നേരങ്ങളിൽ ചുങ്കം മേഖലയിലും പുതിയതെരു വില്ലേജ് ഓഫീസിനു മുന്നിലും ചില സമയങ്ങളിൽ വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഇത് പരിഹരിക്കുന്നതിനായി പുതിയതെരുവിൽ ഹോട്ടൽ മാഗ്നറ്റിന്റെ മുൻവശത്ത് കണ്ണൂർ ഭാഗത്തേക്കും തളിപ്പറമ്പ് ഭാഗത്തേക്കും പോകുന്ന ബസുകൾ റോഡിന് നടുവിൽ നിർത്തുന്നത് ഒഴിവാക്കാനും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനും പ്രത്യേകമായി പോലീസിനെ നിയോഗിക്കാൻ യോഗം തീരുമാനിച്ചു.
ഗതാഗത പരിഷ്കരണം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ആർടിഒ എൻഫോഴ്സ്മെന്റിനും പോലീസിനും നിർദേശം നൽകി. വില്ലേജ് ഓഫീസിനു മുൻവശത്ത് ബസ് ബേ നിർമാണം വേഗതയിലാക്കാൻ കെഎസ്ഇബി ക്കും വിശ്വസമുദ്രയുടെ എൻജിനിയറിംഗ് വിഭാഗത്തിനും കത്ത് നൽകും. യോഗത്തിൽ ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വളപട്ടണം സിഐ ടി.പി. സുമേഷ്, ആർടിഒ ഉണ്ണികൃഷ്ണൻ, ദേശീയപാത അഥോറിറ്റി പ്രതിനിധികൾ, വിശ്വസമുദ്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.