ആറാമൂഴത്തില് മികച്ച റാങ്കുമായി രാഹുല്‍
1544583
Wednesday, April 23, 2025 1:55 AM IST
ഉദുമ: ഏഴുവര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്കുമായി ഉദുമ കൊവ്വല്‍ വടക്കുംപുറം സ്വദേശി രാഹുല്‍ രാഘവന്. കഴിഞ്ഞവര്‍ഷത്തെ 714-ാം റാങ്ക് ഇത്തവണ 404 ആയി രാഹുല്‍ മെച്ചപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഐആര്‍എസിന് (ഇന്ത്യന്‍ റവന്യു സര്‍വീസ്) സെലക്ഷന് കിട്ടിയതാണ്. നാഗ്പൂരില്‍ ട്രെയിനിംഗിന് ചേര്‍ന്നെങ്കിലും അവധിയെടുത്ത് വീണ്ടും പരിശ്രമം തുടര്‍ന്നു. തന്റെ ജീവിതസ്വപ്നമായ ഐഎഎസ് നേടിയെടുത്തേ മതിയാകൂ എന്ന നിശ്ചയദാര്‍ഢ്യമായിരുന്നു ഈ ചെറുപ്പക്കാരന്റെ കരുത്ത്. ഒടുവിൽ തന്റെ സ്വപ്നനേട്ടത്തിനരികില് എത്തിയിരിക്കുകയാണ് ഈ 28കാരന്.
ഉദുമ ജിഎച്ച്എസ്എസിലായിരുന്നു ഒന്നു മുതല്‍ പ്ലസ്ടു വരെ പഠനം. ഇതിനുശേഷം തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗിന് ചേര്‍ന്നു. ഇക്കാലത്താണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മനസില്‍ കയറിയത്. പഠനശേഷം മറ്റു ജോലിക്കൊന്നും ശ്രമിക്കാതെ മുഴുവന്‍ സമയവും സിവില്‍ സര്‍വീസ് കോച്ചിംഗിനായി നീക്കിവച്ചു.
തിരുവന്തപുരത്തെ ഐ ലേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ഇവിടെ പഠനത്തോടൊപ്പം അധ്യാപകനായും ജോലി ചെയ്തു. ഇതിനു മുമ്പ് നാലുതവണയും ഇന്റര്‍വ്യുവില്‍ പങ്കെടുത്തിരുന്നു. ഉദുമയിലെ റേഷന്‍കട ഉടമ എം. രാഘവന്റെയും പള്ളിക്കര സിഎച്ച്സിയിലെ സ്റ്റാഫ് നഴ്സ് ടി. ചിന്താമണിയുടെയും മകനാണ്. ചേച്ചി രചന ജില്ലാ വ്യവസായകേന്ദ്രത്തിലെ റിസോഴ്സ് പേഴ്സണ്‍ ആണ്.