റീസർവേ സൂപ്രണ്ട് ഓഫീസ് മാറ്റാനുള്ള നീക്കം കോൺഗ്രസ് തടഞ്ഞു
1543920
Sunday, April 20, 2025 5:15 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്തെ റീസർവേ സൂപ്രണ്ട് ഓഫീസ് മട്ടന്നൂരിലെ റവന്യു ടവറിലേക്ക് മാറ്റാനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വച്ചു. വെള്ളിയാഴ്ച മുതൽ ഓഫീസിലെ ഫർണിച്ചറുകളും മറ്റും ജീവനക്കാർ മാറ്റാൻ തുടങ്ങിയിരുന്നു.
ന്നലെ ഓഫീസ് പൂട്ടി പോകാനൊരുങ്ങിയ ജീവനക്കാരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമതൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ തടഞ്ഞു വയ്ക്കുകയായിരുന്നു.
വിവരമറിഞ്ഞ് ശ്രീകണ്ഠപുരം എസ്എച്ച്ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് വാടകയായി കെട്ടിട ഉടമയ്ക്ക് വൻകുടിശിക വരുത്തിയിട്ടുണ്ട്.
സമരത്തെ തുടർന്ന് റീസർവേ ഹെഡ് സർവെയർ പി.വി. ദിനേശൻ ഓഫീസ് സാധനങ്ങൾ മട്ടന്നൂർ റവന്യു ടവറിലേക്ക് മാറ്റുന്നത് നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു. ഇരിട്ടി, മട്ടന്നൂർ, പേരാവൂർ മേഖലകളും ഈ ഓഫീസിനു കീഴിലാണ്. 22ന് ശ്രീകണ്ഠപുരത്ത് സജീവ് ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച് കൂടിയാലോചന യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ഓഫീസ് മാറ്റുന്നത് പ്രതിഷേധാർഹം: സജീവ് ജോസഫ്
നാലര പതിറ്റാണ്ടിലേറെ ശ്രീകണ്ഠപുരത്ത് പ്രവർത്തിച്ചുവരുന്ന റീ-സർവേ സൂപ്രണ്ട് ഓഫീസ് മട്ടന്നൂരിലേക്ക് മാറ്റുന്നത് പ്രതിഷേധാർഹമാണെന്ന് സജീവ് ജോസഫ് എംഎൽഎ. ഒരു കൂടിയാലോചന പോലും നടത്താതെ സർക്കാർ ഓഫീസ് രഹസ്യമായി മാറ്റാനുള്ള നീക്കം നീതീകരിക്കാനാവില്ല. ഈ നീക്കം ഉപേക്ഷിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. റവന്യു മന്ത്രിയെ ഫോണിലൂടെ ബന്ധപ്പെടുകയും പ്രസ്തുത ഓഫീസ് മാറ്റുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ഇത്തരത്തിൽ ജനപ്രതിനിധികളോട് ആലോചിക്കാതെ ഇങ്ങനെയുള്ള തീരുമാനം എടുത്തത് ശരിയായില്ലെന്നും മന്ത്രിയ ധരിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടർ അടക്കമുള്ള വകുപ്പ് മേധാവികളോട് ഓഫീസ് മാറ്റുന്ന നപടികൾ നിർത്തിവയ്ക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങൾ മാറ്റുന്നത് പോലെ സർക്കാർ ഓഫീസുകൾ ആരോടും ആലോചിക്കാതെ മാറ്റുന്നത് തെറ്റായ നടപടിയും ജനങ്ങളെയും ജനപ്രതിനിധികളെയും പരിഹസിക്കുന്നതിന് തുല്ല്യമാണെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: സിപിഎം
റീ സർവേ സൂപ്രണ്ട് ഓഫീസ് മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ശ്രീകണ്ഠപുരത്ത് തന്നെ തുടരാനുള്ള സൗകര്യമൊരുക്കണമെന്നും സിപിഎം ശ്രീകണ്ഠപുരം ഏരിയകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരത്തെ ട്രഷറിയും പരിമിതികളുടെ നടുവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ശ്രീകണ്ഠപുരം നഗരത്തെ മുനിസിപ്പാലിറ്റിയും എംഎല്‍എയും അവണിക്കുകയാണ്. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന് മിനിസിവില്‍ സ്റ്റേഷന് മാതൃകയില്‍ നഗരസഭ കെട്ടിടം നിർമിച്ച് നൽകണമെന്നും സിപിഎം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.