സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമ: മാർ ജോസഫ് പണ്ടാരശേരിൽ
1544355
Tuesday, April 22, 2025 2:06 AM IST
കണ്ണൂർ: സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. 11 വർഷത്തെ വലിയ മുക്കുവന്റെ ശുശ്രൂഷ ചെയ്ത ഫ്രാൻസിസ് പാപ്പ പാർശ്വവത്കരിക്കപ്പെട്ടവരുടെയും അശരണരുടെയും യുദ്ധക്കെടുതി അനുഭവിക്കുന്നവരെയൊക്കെ പക്ഷത്ത് നിന്നുകൊണ്ട് അവരുടെ ശബ്ദമാകാൻ കഴിഞ്ഞു. കരുണയുടെ വർഷം പ്രഖ്യാപിച്ചുകൊണ്ട് കരുണയുടെ അപ്പോസ്തലനായി.
2025 ജൂബിലി വർഷം പ്രഖ്യാപിച്ച് പ്രത്യാശയുടെ പ്രവാചകനായി. "നാം സോദരർ' എന്ന ചാക്രിക ലേഖനത്തിലൂടെ സഹോദര സ്നേഹത്തിന് പുതുനിർവചനങ്ങൾ നൽകി. യുവജനങ്ങളുടെ സുഹൃത്തായും നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചും മുത്തശി മുത്തശന്മാരുടെ ദിനം പ്രഖ്യാപിച്ചതൊക്കെ പാപ്പ കാലത്തിനിണങ്ങിയ അജപാലകനായി. ലളിതമായ ജീവിതശൈലിയും പ്രകൃതി സ്നേഹവും സിനഡാത്മക കാഴ്ചപ്പാടുമൊക്കെ പാപ്പയെ കത്തോലിക്കർക്കു മാത്രമല്ല ഏവർക്കും പ്രിയങ്കരനാക്കി മാറ്റിയെന്നും മാർ ജോസഫ് പണ്ടാരശേരിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.