പ്രവാചകശബ്ദം ഇനിയും പ്രതിധ്വനിക്കും: ഡോ. അലക്സ് വടക്കുംതല
1544353
Tuesday, April 22, 2025 2:06 AM IST
കണ്ണൂർ: ഫ്രാൻസിസ് പാപ്പയുടെ പ്രവാചകശബ്ദം ഇനിയും പ്രതിധ്വനിക്കുമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ സെക്രട്ടറിയും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല അനുശോചന സന്ദേശത്തിൽ പറഞ്ഞു. അഗാധമായ വിനയവും അതിരറ്റ കാരുണ്യവും ആഴത്തിലുള്ള ആത്മീയ ഉൾക്കാഴ്ചയുമുള്ള ഒരു മനുഷ്യനായിരുന്നു ഫ്രാൻസിസ് പാപ്പ.
ലാളിത്യത്തിന്റെയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും പാത തെരഞ്ഞെടുത്ത പാപ്പ തുടക്കംമുതൽ തന്നെ അടുപ്പത്തിന്റെ ആംഗ്യങ്ങളിലൂടെയാണ് ഹൃദയങ്ങളെ കീഴടക്കിയത്. തന്റെ തെരഞ്ഞെടുപ്പിന്റെ ദിവസം തന്നെ ലോകത്തിന്റെ പ്രാർഥനകൾ യാചിക്കുകയും ദാസന്മാരുടെ ദാസനാണ് താനെന്നും നിരന്തരം ഓർമിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ സേവനത്തിന്റെ കാലയളവിൽ ഫ്രാൻസിസ് പാപ്പ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖം ആധുനിക ലോകത്തിന് മുന്നിൽ പ്രതിഫലിപ്പിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചു.
മുറിവേറ്റവർക്കും ക്ഷീണിതർക്കും പരിഗണന കണ്ടെത്താൻ കഴിയുന്ന ഒരു "ഫീൽഡ് ഹോസ്പിറ്റൽ' ആയി സഭയെ അദ്ദേഹത്തിന്റെ പഠനത്തിലും പ്രവൃത്തികളിലും ഊന്നിപ്പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നേതൃത്വം നല്കി. ദരിദ്രർ, കുടിയേറ്റക്കാർ, രോഗികൾ, വൃദ്ധർ, തടവിലാക്കപ്പെട്ടവർ എന്നിവരെ അദ്ദേഹം മറന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ ദൗത്യത്തിൽ അവർക്ക് മുൻഗണന നൽകി. സുവിശേഷം ഒരു ആശയമല്ല, മറിച്ച് സ്നേഹത്തിന്റെ നീതിയുടെയും ആർദ്രതയുടെയും ഒരു സജീവാനുഭവമാണെന്ന് അദ്ദേഹം നമ്മെ ഓർമിപ്പിച്ചു.
സാമ്പത്തിക നേട്ടങ്ങളെക്കാൾ മനുഷ്യന്റെ അന്തസ് മുൻനിർത്തി നമ്മുടെ ഇടയിലെ എളിയവരുടെ നിലവിളികളെ ഒരിക്കലും അവഗണിക്കരുതെന്ന് രാഷ്ട്രങ്ങളെയും ഭരണാധിപന്മാരെയും വെല്ലുവിളിച്ചുകൊണ്ട് ദരിദ്രരുടെ ആഗോള ശബ്ദമായി പാപ്പ മാറി. തടവുകാരോടുള്ള അദ്ദേഹത്തിന്റെ ഇടപെടൽ പ്രത്യേകിച്ചും വികാരഭരിതമായിരുന്നു. അവസാന ദിനങ്ങളിൽ പോലും ശാരീരിക ബലഹീനതകൾക്കിടയിലും ഫ്രാൻസിസ് പാപ്പ ആത്മാവിന്റെ ശക്തി പ്രസരിപ്പിച്ചുകൊണ്ടിരുന്നുവെന്നും ബിഷപ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.