വിറകില്ല: പയ്യാന്പലത്ത് സംസ്കാരത്തിനായി മൃതദേഹങ്ങളുമായി ബന്ധുക്കൾ കാത്തിരുന്നു
1544365
Tuesday, April 22, 2025 2:06 AM IST
കണ്ണൂർ: പയ്യാന്പലത്തെ കോർപറേഷൻ ശ്മശാനത്തിൽ വീണ്ടും വിറകു ക്ഷാമം. വിറകില്ലാഞ്ഞതിനെ തുടർന്ന് ഇന്നലെ സംസ്കാര ക്രിയകൾക്ക് മൃതദേഹങ്ങളുമായെത്തിയവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. മൃതദേഹങ്ങൾ സംസ്കരിക്കാനെത്തിച്ചവർ പ്രതിഷേധിച്ചത് സംഘർഷാവസ്ഥയക്കും ഇടയാക്കി.
തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾ തന്നെ പുറത്ത് നിന്നും വിറകെത്തിച്ചാണ് സംസ്കാര ക്രിയകൾ നടത്തിയത്. ഇതിനു ശേഷം മൃതദേഹവുമായി എത്തിയവരിൽ നിന്ന് വിറകില്ലാത്തതിനാൽ സംസ്കാര ക്രിയകളുടെ രസീത് മുറിക്കാൻ കോർപറേഷൻ ഉദ്യോഗസ്ഥർ തയാറായില്ല. ഇതും വാക്കേറ്റത്തിന് ഇടയാക്കി. തുടർന്ന് ഏറെ സമയത്തിന് ശേഷം കോർപറേഷൻ വിറകെത്തിച്ചാണ് സംസ്കാരം നടത്തിയത്. വിവരമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഏരിയാ സെക്രട്ടറി കെ.പി. സുധാകരൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
സമഗ്രാന്വേഷണം വേണം: സിപിഎം
നാട്ടിലെവിടെയും കേട്ടുകൾവിയിലാത്ത കാര്യങ്ങളാണ് കണ്ണൂർ കോർപറേഷന്റെ അധീനതയിലുള്ള പയ്യാമ്പലം ശ്മശാനത്തിൽ നടന്നതെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു. വിറകില്ലാത്തത് കാരണം മൃതദേഹങ്ങളുമായി എത്തിയ ബന്ധുക്കൾ രണ്ടുമണിക്കൂറോളമാണ് സംസ്കാര ക്രിയകൾക്ക് കാത്തിരിക്കേണ്ടി വന്നത്. കോർപറേഷൻ മൃതദേഹത്തോട് അനാദരവാണ് കാട്ടിയത്. ഇത് സംബന്ധിച്ച കാര്യങ്ങൾ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സിപിഎം കണ്ണൂർ ഏരിയാ കമ്മിറ്റി ഇക്കാര്യത്തിൽ പരാതി നൽകുമെന്ന് സെക്രട്ടറി കെ.പി. സുധാകരൻ പറഞ്ഞു.