ഓഡിറ്റ് പരിശോധനയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വ്യാപക ക്രമക്കേട്
1544578
Wednesday, April 23, 2025 1:55 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഓഡിറ്റ് വിഭാഗത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ രൂക്ഷ വിമർശനം. ജില്ലാ കളക്ടർ ചെയർമാനായ സമിതിയുടെ എക്സിക്യൂട്ടീവ് യോഗവും ജനറൽ ബോഡിയും വിളിച്ചു ചേർക്കുന്നതിലെ വീഴ്ച, ആശുപ്രതിയിൽ സൂക്ഷിക്കേണ്ട സാമ്പത്തിക രജിസ്റ്ററുകളുടെ അഭാവം, ആശുപത്രി വികസനസമിതിയുടെ വരുമാനത്തിൽനിന്ന് 10 ലക്ഷത്തോളം രൂപ കാണാതായത് തുടങ്ങിയവ ഉൾപ്പെടെ ഗുരുതരമായ അപാകതകളും ക്രമക്കേടും ചൂണ്ടിക്കാണിക്കുന്നതാണ് 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്.
2023-24 സാമ്പത്തിക വർഷത്തെ കണക്കുകൾ ആശുപത്രി അധികൃതർക്ക് ഹാജരാക്കാൻ സാധിക്കാത്തതിൽ ഓഡിറ്റ് നടത്താൻ പോലും സാധിച്ചില്ലെന്ന് പൊതുപ്രവർത്തകനായ എം.വി. ശില്പരാജിനു ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു. എച്ച്ഡിഎസ് ഫാർമസി, ആശുപത്രി വരുമാനം എന്നീ ഇനങ്ങളിൽ നീക്കിയിരിപ്പും പാസ്ബുക്കും തമ്മിൽ 10,22,355 രൂപയുടെ വ്യത്യാസം കണ്ടെത്തി.
ശരിയായ കണക്ക് സൂക്ഷിക്കാത്തതിനാൽ ഫാർമസി വരുമാനത്തിലും വ്യത്യാസം കണ്ടെത്തി. മെഡിക്കൽ കോളജ് കാന്പസിൽ വാടകയ്ക്ക് നൽകിയ കെട്ടിടങ്ങളിൽനിന്ന് 2020-23 കാലയളവിൽ 29,07,124 രൂപയാണ് കുടിശിക ലഭിക്കാനുള്ളത്.
വാടകക്കുടിശികയിൽ വീഴ്ച വരുത്തിയാൽ 24 ശതമാനം നിരക്കിൽ പിഴപ്പലിശ ഈടാക്കാൻ കരാറുണ്ടെങ്കിലും അത് ഈടാക്കിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. യോഗങ്ങൾ യഥാസമയം വിളിച്ചു ചേർക്കാത്തത് ഗുരുതര വീഴ്ചയായി റിപ്പോർട്ടിൽ പറയുന്നു. വികസനസമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി 2022ൽ തീർന്നതാണെങ്കിലും പുനഃസംഘടിപ്പിക്കുകയോ തുടരാൻ അനുമതി വാങ്ങുകയോ ചെയ്തില്ല.
കാലാവധി കഴിഞ്ഞ മരുന്നുകളുടെ സ്റ്റോക്ക് യഥാസമയം മരുന്നു കമ്പനിക്ക് തിരിച്ചു നൽകാത്തതിനാൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചു. കാലാവധി കഴിഞ്ഞ 3,000 മരുന്നുകൾ സ്റ്റോക്കിൽ ഉൾപ്പെടുത്താത്തത് ഗുരുതര വീഴ്ചയായി റിപ്പോർട്ടിൽ പറയുന്നു.