ബയോമൗണ്ടൻ പുട്ടുപൊടി യൂണിറ്റിന് ശിലാസ്ഥാപനം നടത്തി
1544358
Tuesday, April 22, 2025 2:06 AM IST
ഇരിട്ടി: ബയോമൗണ്ടൻ ഫാർമേഴ്സ് കന്പനിയുടെ മൂന്നാമത് സംരംഭത്തിന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ശിലാസ്ഥാപനം നടത്തി. ബയോമൗണ്ടന്റേയും ബംഗളൂരുവിലെ സംരംഭകൻ ചിറ്റാരിക്കൽ നെടുതുരുത്തിൽ ഷിജോ ജോർജിന്റേയും സംയുക്ത പദ്ധതിയായ പുട്ടുപൊടി യൂണിറ്റാണിത്. തലശേരി അതിരൂപത കുന്നോത്ത് വിട്ടുനൽകിയ 10 ഏക്കർ സ്ഥലത്താണ് സർക്കാർ അംഗീകാരത്തോടെ ഇൻഡസ്ട്രിയൽ പാർക്ക് പ്രവർത്തിക്കുന്നത്. പുട്ടുപൊടി യൂണിറ്റ് ജൂലൈയിൽ പ്രവർത്തന സജ്ജമാകും. പ്രതിദിനം 2.5 ടൺ ഉത്പാദന ശേഷിയുള്ള സംരംഭത്തിനു 2.5 കോടി രൂപയാണ് ചെലവ്. 10 പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കും.
ബയോമൗണ്ടൻ ചെയർമാൻ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ, മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ഡയറക്ടർമാരായ റവ. ഡോ. ജോജി കാക്കരമറ്റത്തിൽ, പി.ടി. ജോസ്, കുന്നോത്ത് സെന്റ് തോമസ് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട്, ഇരിട്ടി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു.