ചോദ്യപേപ്പർ ചോർച്ച: കെഎസ്യു, എംഎസ്എഫ് മാർച്ചിൽ സംഘർഷം
1543942
Sunday, April 20, 2025 5:31 AM IST
കണ്ണൂർ: ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു, എംഎസ്എഫ് പ്രവർത്തകർ കണ്ണൂർ യൂണിവേഴ്സിറ്റി മാർച്ചും ഉപരോധവും നടത്തി. യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് സമരക്കാർ ഇരച്ചുകയറാൻ നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു. ഒരു പോലീസുകാരന് പരിക്കേറ്റു.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ലിജീഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമരക്കാരെ പോലീസ് തടഞ്ഞതിനെ തുടർന്ന് സമരക്കാരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു ഉപരോധം ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉദ്ഘാടനം ചെയ്തു.
സിൻഡിക്കേറ്റംഗം അശിത് അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അർജുൻ കോറോം, കാവ്യ, തീർഥ കുറ്റ്യാട്ടൂർ, അനഘ തുടങ്ങിയവർ നേതൃത്വം നൽകി.
എംഎസ്എഫ് നടത്തിയ സമരത്തിനിടെ പോലീസിനെ തള്ളി മാറ്റി യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് കടക്കാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. റംഷാദ്, യൂനുസ് പടന്നോട്ട്, ഷഹബാസ് തലശേരി, സൽമാൻ പുഴാതി, കെ.വി. ഷൈൻ, ജവാദ് ധർമടം, അജ്നാസ് പുല്ലൂപ്പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ടൗൺ സിഐ ശ്രീജിത്ത് കൊടേരി, എസ്ഐ വി.വി. ദീപ്തി എന്നിവരുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റ് ആസ്ഥാനത്ത് വൻ സുരക്ഷയായിരുന്നു ഒരുക്കിയത്.