ഈയ്യഭരണി തുരുത്ത് ടൂറിസം പദ്ധതി ഇഴയുന്നു
1544588
Wednesday, April 23, 2025 1:55 AM IST
ആലക്കോട്: ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ഈയ്യഭരണ തുരത്തിന്റെ ടൂറിസം വികസന പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നു. അനന്തസാധ്യതകളുണ്ടായിട്ടും വികസന പ്രവൃത്തികൾ വേണ്ടരീതിയിൽ മുന്നോട്ടു പോകാത്ത അവസ്ഥയിലാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. ആലക്കോട് പഞ്ചായത്തിൽ കുട്ടാപറമ്പിനും പരപ്പക്കുമിടയിൽ കുപ്പം പുഴയുടെ ഭാഗമായ ഈയ്യഭരണിയിൽ പുഴ രണ്ടായി പിരിഞ്ഞുണ്ടായതാണ് ഈയ്യഭരണി തുരുത്ത്.
ജൈവവൈവിധ്യ പാർക്കും വിനോദസഞ്ചാരകേന്ദ്രവുമാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. കുടക് വനമേഖലയിൽനിന്നും പൈതൽമലയിൽനിന്നും ഉത്ഭവിക്കുന്ന ചെറുപുഴകളും നീരൊഴുക്കുകളും കൂടിച്ചേരുന്ന പ്രദേശാണിത്. ഈയ്യഭരണി തുരുത്തിന് മുകൾ ഭാഗത്ത് പുഴ രണ്ടായി പിരിഞ്ഞൊഴുകുന്നയിടം അഞ്ചേക്കേറിലധികം കരഭൂമിയാണ്. വൻമരങ്ങളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളാലും സമൃദ്ധമാണ് ഈ പ്രദേശം.
ടൂറിസം വികസനത്തിന്റെ ഭാഗമായി സഞ്ചാരികൾക്കായി നടപ്പാലങ്ങൾ, നടപ്പാതകൾ എന്നിവ ഒരുക്കുകയും വിശ്രമത്തിനായുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇതോടെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും സഞ്ചാരികൾ എത്തിയിരുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്നും വികസന പദ്ധതികൾ വിഭാവനം ചെയ്തിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിൽ വിനോദ സഞ്ചാരികൾക്ക് വിശ്രമത്തിനും ഓഫീസിനുമായി കെട്ടിടവും നിർമിച്ചു.എന്നാൽ കാലമേറെയായിട്ടും വൈദ്യുതി കണക്ഷൻ എടുക്കാൻ പോലും നടപടി ഉണ്ടായില്ല. അപൂർവയിനം സസ്യലതാദികൾ, നിരവധി പുഴമത്സ്യങ്ങൾ, അപൂർവയിനം പക്ഷികളുടെ സങ്കേതം എന്നീ നിലകളിൽ ഇവിടം പ്രാധാന്യം നേടിയിട്ടുണ്ട്.
ഔഷധസസ്യ ങ്ങൾ, നീരൊഴുക്കുള്ള നിരവധി ചെറുചാലുകൾ തുടങ്ങിയവയുമുണ്ട്. എന്നാൽ ആവശ്യമായ സംരക്ഷണമോ പരിചരണമോ ഏർപ്പെടുത്തുന്നതിൽ വീഴ്ച വന്നതോടെ സാമൂഹ്യവിരുദ്ധർ ഇവ നശിപ്പിച്ചു. തുരിത്തിന്റെ വികസനത്തിന് പഞ്ചായത്ത് ഭരണസമിതിയും പ്രാദേശിക വികസ നസമിതികളും ചേർന്ന് ജനകീയ കൂട്ടായ്മയിൽപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.