കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജലവിതരണം പുനഃസ്ഥാപിച്ചു
1544073
Monday, April 21, 2025 1:25 AM IST
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിച്ചു. പിലാത്തറക്കടുത്ത് ടാറ്റാ കമ്യൂണിക്കേഷന്‍സ് കമ്പനി കേബിള്‍ സ്ഥാപിക്കാനായി മെഡിക്കല്‍ കോളജ് അധികൃതരെ അറിയിക്കാതെയും അനുമതി തേടാതെയും നാഷണല്‍ ഹൈവേ അധികൃതരെ മാത്രം അറിയിച്ച് അലക്ഷ്യമായി ഡ്രില്ലിംഗ് നടത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയതായിരുന്നു ജലവിതരണം തടസപ്പെടാനിടയാക്കിയത്.
പ്രധാന പൈപ്പിന്റെ എട്ട് ഇടങ്ങളിലായിരുന്നു പൊട്ടലുണ്ടായത്. മെഡിക്കല്‍ കോളജിലെ എൻജിനിയറിംഗ് വിഭാഗം മേഘാ കണ്‍സ്ട്രക്ഷന്‍സുമായി ചേര്‍ന്ന് പിഡബ്ല്യുഡി ഓഫീസുമായി ബന്ധപ്പെട്ട് റിപ്പയറിന് ആവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കിയാണ് പൈപ്പ് അറ്റകുറ്റപണി നടത്തി കുടിവെള്ളം പുനഃസ്ഥാപിച്ചത്. പൈപ്പ്പൊട്ടിച്ച് കുടിവെള്ളം വിതരണം മുടക്കിയയതിന് ടാറ്റാ കമ്യൂണിക്കേഷന്‍ കന്പനിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങിയത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ വാട്ടർ അഥോറിറ്റിയുമായി ബന്ധപ്പെട്ട ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് ആശുപത്രി പ്രവർത്തനം നടത്തിയത്.
കൂടാതെ ജീവനക്കാർ, വിദ്യാർഥികൾ സന്നദ്ധ സേവന സംഘടനകൾ എന്നിവയുടെ സഹായത്തോടെയും വെള്ളമെത്തിച്ചിരുന്നു. ആശുപത്രി വികസന സമിതി 35 ലക്ഷത്തോളം രൂപ ചെലവിട്ട് എമ്പേറ്റില്‍ നിന്ന് വാട്ടര്‍ അഥോറിറ്റിയുടെ പ്രത്യേക ലൈന്‍ മെഡിക്കല്‍ കോളജിലേക്ക് സ്ഥാപിക്കുന്നുണ്ട്. ഈ പ്രവൃത്തി ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തികരിക്കുന്നതോടെ ആശുപത്രിയുടെ പ്രധാന ജലസ്രോതതായ വണ്ണാത്തിപുഴയില് നിന്നുള്ള ജലം ലഭ്യമാകാതെ വരുന്ന സാഹചര്യത്തിലും ജലപ്രതിസന്ധിയില്ലാതെ ആശുപത്രി പ്രവർത്തനം സുഗമമായി നടത്താനാകും.