എംഎ ഹിസ്റ്ററി വിഭാഗം മാറ്റാനുള്ള നീക്കം: എസ്എഫ്ഐ വിസിയെ ഉപരോധിച്ചു
1544586
Wednesday, April 23, 2025 1:55 AM IST
കണ്ണൂർ: മാങ്ങാട്ട്പറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന എംഎ ഹിസ്റ്ററി വിഭാഗം പാലയാട് കാമ്പസിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കണ്ണൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകരെ യൂണിവേഴ്സിറ്റി കവാടത്തിൽ പോലീസ് തടഞ്ഞു. പോലീസിനെ മറികടന്ന് കാന്പസിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഏതാനും പേർ മറ്റു വഴികളിലൂടെ കാന്പസിലേക്ക് പ്രവേശിച്ച് വൈസ് ചാൻസലറുടെ മുറിയിലേക്ക് ഇരച്ചു കയറി. തുടർന്ന് ഓഫീസിൽ കുത്തിയിരുന്ന് വൈസ് ചാൻസലർ പ്രഫ. ഡോ. കെ.കെ. സാജുവിനെ ഉപരോധിച്ചു. സമരക്കാർ മണിക്കൂറുകളോളം ഓഫീസിലിരുന്ന് മുദ്രാവാക്യം വിളിച്ചു.
പോലീസ് എത്തിയെങ്കിലും സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ തയാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ സിൻഡിക്കേറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ വിസിയുമായി ചർച്ച നടത്തി. വിഷയം അടുത്ത സിൻഡിക്കേറ്റിൽ ചർച്ച ചെയ്യാമെന്നും അതുവരെ നടപടികളുണ്ടാകില്ലെന്നും വിസി ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. മാർച്ച് സംസ്ഥാന ജോയിന്റെ സെക്രട്ടറി വിപിൻരാജ് ഉദ്ഘാടനം ചെയ്തു.
സിൻഡിക്കേറ്റ് പോലുമറിയാതെ അടിസ്ഥാന സൗകര്യമില്ലാത്ത പാലയാട് കാന്പസിലേക്ക് പഠനവിഭാഗം മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വൈസ്ചാൻസലറുടെ സ്വാർഥ താത്പര്യമാണെന്ന് വിപിൻ രാജ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. അഖില അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ, ജോയൽ തോമസ്, കെ.നിവേദ്, സ്വാതി പ്രദീപൻ , സനന്ദ്കുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.